നിരായുധരായ പെൺകുട്ടികളെ കേന്ദ്ര സർക്കാറിന് ഭയമാണോയെന്ന് പരിസ്ഥിതി പ്രവർത്തകർ

ന്യൂഡൽഹി: ഗ്രേറ്റ ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട ദിഷ രവിയുടെ അറസ്റ്റിലും നിഖിത ജേക്കബിനെതിരായ അറസ്റ്റു വാറണ്ടിലും പ്രതിഷേധം ശക്തമാകുന്നു. നിരായുധരായ പെണ്‍കുട്ടികളെ കേന്ദ്രസര്‍ക്കാരിന് ഭയമാണോ എന്ന ചോദ്യവുമായി നിരവധി പരിസ്ഥിതി – മനുഷ്യാവകാശ പ്രവർത്തകർ സോഷ്യല്‍മീഡിയയില്‍ രംഗത്തു വന്നു. ദിഷയുടെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പ്രകാശ് രാജ്, എസ്എസ് മാധവന്‍ തുടങ്ങിയവരും നിരവധി പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിരുന്നു.

വാര്‍ത്തകളെ മുഴുവന്‍ വലിച്ചുകീറി നശിപ്പിക്കുന്ന അര്‍ണബിനെ പോലെയുള്ള എഡിറ്റര്‍മാരുള്ള ഒരു രാജ്യത്ത് ഡോക്യൂമെന്റിലെ രണ്ടുവരി എഡിറ്റ് ചെയ്തതിന് ഒരു 21കാരിയെ അറസ്റ്റ് ചെയ്യുന്നത് എന്ത് പരിഹാസ്യമാണെന്ന് എന്‍എസ് മാധവന്‍ ചോദിച്ചു. കര്‍ഷകരെ പിന്തുണയ്ക്കുക മാത്രമായിരുന്നു തന്റെ ഉദ്ദേശമെന്ന് പറഞ്ഞ് ദിഷ രവി കോടതിക്ക് മുമ്പില്‍ വികാരഭരിതയായി എന്ന വാര്‍ത്ത പങ്കുവച്ചായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്. ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്താനും പ്രകാശ് രാജ് ട്വീറ്റില്‍ പറയുന്നു. അതേസമയം, ദിഷയെ നടപടിക്രമങ്ങള്‍ പാലിച്ചല്ല കോടതിയില്‍ ഹാജരാക്കിയതെന്ന് ആരോപിച്ച് മുതിര്‍ന്ന അഭിഭാഷക റെബേക്ക മാമ്മന്‍ ജോണ്‍ രംഗത്തെത്തി. ദിഷയ്ക്ക് അഭിഭാഷകനെ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ മജിസ്‌ട്രേറ്റ് കൈക്കൊണ്ടില്ലെന്നും ഡല്‍ഹിയിലേക്ക് കൊണ്ടുവന്നപ്പോള്‍ കര്‍ണാടകയില്‍ നിന്ന് ട്രാന്‍സിറ്റ് ഓര്‍ഡര്‍ വാങ്ങിയില്ലെന്നും റെബേക്ക പറഞ്ഞു.

മലയാളിയായ നിഖിതയ്‌ക്കെതിരെ ജാമ്യമില്ല അറസ്റ്റ് വാറണ്ടാണ് ഡല്‍ഹി പൊലീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകയും ബോംബെ ഹൈക്കോടതിയിലെ അഭിഭാഷകയുമാണ് നിഖിത ജേക്കബ്.നിഖിത ഒളിവിലാണെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ ദിഷ രവിയെ പട്യാല കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കര്‍ഷക സമരത്തിന് പിന്തുണ നല്‍കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് പുറത്തു വന്ന ടൂള്‍ കിറ്റിന്റെ നിര്‍മാതാക്കള്‍ക്കെതിരെ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കര്‍ഷക സമരത്തിന്റെ വിശദാശംങ്ങള്‍ വ്യക്തമാക്കുന്ന ഒരു ടൂള്‍ കിറ്റ് ഗ്രേറ്റ തുന്‍ബര്‍ഗ് പങ്കുവച്ചതാണ് കേസിനാസ്പദമായ സംഭവം. പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന ഖലിസ്ഥാന്‍ വാദ അനുകൂല സംഘടനയാണ് ഈ ടൂള്‍ കിറ്റ് നിര്‍മ്മിച്ചതെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. രാജ്യത്തിനെതിരെയുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ തെളിവാണ് ഈ ടൂള്‍ കിറ്റ് ആഹ്വാനമെന്നാണ് പൊലീസിന്റെ ആരോപണം.

ദിഷ രവിക്കെതിരെ കടുത്ത ആരോപണമാണ് ഡല്‍ഹി പൊലീസ് കോടതിയില്‍ ഉന്നയിച്ചത്. ദിഷയെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ സ്വാധീനിച്ചെന്നും ഖലിസ്ഥാന്‍ ബന്ധമുള്ള പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി യുവതി സഹകരിച്ചിരുന്നെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. ഖലിസ്ഥാന്‍ ഗ്രൂപ്പിനെ രാജ്യത്ത് സജീവമാക്കാന്‍ ദിഷ ശ്രമിച്ചിരുന്നെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു. ഗ്രേറ്റയ്ക്ക് ടൂള്‍ കിറ്റ് നല്‍കിയതും ദിഷയാണ്. സംഭവം പുറത്തുവന്നപ്പോള്‍ ഡോക്യൂമെന്റ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. മാത്രമല്ല, വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ടൂള്‍ കിറ്റ് ഉണ്ടാക്കാന്‍ സഹകരിച്ചെന്ന് കണ്ടെത്തിയതായും ഡല്‍ഹി പൊലീസ് പറഞ്ഞു. ഫെബ്രുവരി മൂന്നിന് ദിഷ രവിയാണ് ടൂള്‍ കിറ്റ് എഡിറ്റ് ചെയ്തതെന്നും സംഭവത്തില്‍ നിരവധി പേര്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നെന്നും പൊലീസ് കോടതിയെ അറിയിച്ചു.

അതേസമയം, ടൂള്‍ കിറ്റ ഉണ്ടാക്കിയത് താനല്ലെന്നും രണ്ടുവരി എഡിറ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും ദിഷ പട്യാല കോടതിയെ അറിയിച്ചു. കര്‍ഷകപ്രക്ഷോഭത്തെ പിന്തുണയ്ക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും ദിഷ രവി പറഞ്ഞു. 2018 ഓഗസ്റ്റില്‍ തുടക്കം കുറിച്ച പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനായ ഫ്രൈഡേ ഫോര്‍ ഫ്യൂച്ചറിന്റെ സഹസ്ഥാപകരിലൊരാളാണ് ദിഷ. ഗുഡ് മൈല്‍ക് എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന ദിഷ ബംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥിനികൂടിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →