കട്ടപ്പന : കട്ടപ്പന താലൂക്കാശുപത്രിയില്‍ സെന്‍ട്രല്‍ ഓക്‌സിജന്‍ സ്ഥാപിക്കുന്നതിനായി 12 ലക്ഷം രൂപ ബഡ്‌ജറ്റില്‍ വകയിരുത്തയിട്ടുണ്ട് പക്ഷെ ഓക്‌സിജന്‍ സിലണ്ടറും അനുബന്ധ സാമഗ്രികളും സഥാപിക്കുന്നതിനുളള ഷെഡ് നിര്‍മ്മിക്കാത്തതിനാല്‍ മാര്‍ച്ച് 31 ഓടെ ഫണ്ട് ലാപ്‌സാകുന്ന അവസ്ഥയിലാണ്. ഇതിമുളള ഷെഡ് നിര്‍മ്മിക്കുന്നതിന് ഒരു ലക്ഷം രൂപയില്‍ താഴെ മാത്രമേ ചെലവ് വരികയുളളു. വളരെ അടിയന്തിരമായി ചെയ്യേണ്ട ഇത്തരം പണികള്‍പോലും ചെയ്യുന്നതില്‍ അധികൃതര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ഷെഡ് നിര്‍മിക്കുന്നതിന് വേണ്ടിവരുന്ന തുക ഹോസ്‌പ്പിറ്റല്‍ മാനേജിംഗ് കമ്മറ്റിയുടെ അക്കൗണ്ടില്‍ ഉളളതായിട്ടാണ് അറിയുന്നത്.
താലൂക്കാശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിനുളള കെട്ടിടം, ഓപ്പറേഷന്‍ തീയേറ്റര്‍, ലേബര്‍ വാര്‍ഡ് തുടങ്ങിയവയ്‌ക്കുളള മൂന്നുനില കെട്ടിടം പണിപൂര്‍ത്തിയായി വരുന്നു. പക്ഷെ ആശുപത്രി കെട്ടിടത്തിന്റെ മുകള്‍ നിലകളിലേക്ക് രോഗികളുമായി ട്രോളികള്‍ തളളികൊണ്ടുപോകുന്നതിനുളള റാമ്പുകള്‍ നിര്‍മ്മിച്ചിട്ടില്ല. അവശ നിലയിലുളള രോഗികളെ മുകള്‍ നിലകളിലേക്ക് കൊണ്ടുപോകുന്നതിന് റാമ്പുകളില്ലാത്തതിനാല്‍ എടുത്ത് കൊണ്ടുപോകേണ്ട അവസ്ഥയാണുളളത്. കെട്ടിട നിര്‍മ്മാണത്തിനുളള പ്ലാനില്‍ റാമ്പ് ഉള്‍പ്പെടുത്തിയിട്ടില്ലെന്നുവേണം മനസിലാക്കാന്‍. പണികള്‍ പൂര്‍ത്തിയായെങ്കിലും കെട്ടിടത്തോടനുബന്ധമായി റാമ്പുകള്‍ നിര്‍മ്മിക്കുന്നതിനുളള സാധ്യതകള്‍ ഇനിയും നിലവിലുണ്ട്. പഴയ ആശുപത്രി കെട്ടിടത്തിന്റെ പുറകില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന സ്ഥലം റോഡിനായി ഉപയോഗിക്കാന്‍ കഴിയും. ആ റോഡില്‍ നിന്ന് കെട്ടിടത്തിന്റെ മുകള്‍ നിലകളിലേക്ക് റാമ്പ് നിര്‍മ്മിച്ചാല്‍ അതിലൂടെ ട്രോളി ഉരുട്ടി കയറ്റുന്നതിനുളള സൗകര്യം വളരെ കുറഞ്ഞ ചെലവില്‍ ചെയ്യാന്‍ കഴിയും.
അതുപോലെ തന്നെ പുതുതായി നിര്‍മ്മിക്കുന്ന സെപ്‌റ്റിക്ക് ടാങ്ക് ആവശ്യത്തിന് വലുപ്പമില്ലാത്തതാണ്. മുമ്പ് നിര്‍മ്മിച്ചിരുന്ന ടാങ്കുകള്‍ വളരെ ചെറുതായിരുന്നതിനാല്‍ മൂന്നും നാലും മാസം കൂടുമ്പോള്‍ നിറയുന്ന അവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷം 55,000 രൂപയോളം ടാങ്ക് വൃത്തിയാക്കാന്‍ ചെലവഴിച്ചതായാണ് അശുപത്രി വൃത്തങ്ങളില്‍ നിന്നറിയുന്നത്. അതുകൊണ്ട് പുതിയ സെപറ്റിക്ക് ടാങ്ക് നിര്‍മ്മിക്കാന്‍ തീരുമാനിച്ചെങ്കിലും ആവശ്യത്തിന് വലുപ്പമില്ലാതെയാണ് പണികള്‍ നടത്തുന്നത്. ഇപ്പോള്‍ പുതിയ മൂന്നുനില കെട്ടിടവും അതിലെ ഡിപ്പാര്‍ട്ടുമെന്റുകളും കൂടി വരുമ്പോള്‍ ഈ ടാങ്കും പെട്ടെന്ന് നിറയുന്ന അവസ്ഥയിലെത്തും. ഇപ്പോള്‍ പണി നടന്നുകൊണ്ടിരിക്കുന്ന സെപ്‌റ്റിക്ക് ടാങ്ക് നിര്‍മ്മിക്കുന്ന സ്ഥലത്ത് പരമാവധി സ്ഥലം ഉപയോഗിച്ച് വലുപ്പമുളള ടാങ്ക് നിര്‍മ്മിച്ചില്ലെങ്കില്‍ വൃത്തിയാക്കല്‍ ജോലിക്ക് വരുന്ന ചെലവ് ഇനിയും വര്‍ദ്ധിക്കും. ജില്ലാ കളക്ടര്‍ ഉള്‍പ്പെടയുളള അധികൃതരുടെ ശ്രദ്ധ ഇക്കാര്യത്തിലുണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

