കാസർകോട്: സംസ്ഥാനത്തെ വിവിധ ഹോസ്റ്റലുകളിലെ ഭക്ഷണ-കുടിവെള്ള നിലവാരം സംബന്ധിച്ച് ലഭിച്ച പരാതിയിൻമേൽ നടപടി സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് സംസ്ഥാന യുവജന കമ്മീഷൻ നിർദേശം നൽകി. ഇതേതുടർന്ന് ഹോസ്റ്റലുകളിലെ ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ ‘ഓപ്പറേഷൻ ഫിഷ്’ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതായും പരിശോധനയ്ക്ക് സ്‌ക്വാഡുകൾ രൂപീകരിച്ചതായും ഭക്ഷ്യ വകുപ്പ് അറിയിച്ചു. കാസർകോട് അതിഥി മന്ദിരത്തിൽനടന്ന സിറ്റിങ്ങിൽ യുവജന കമ്മീഷൻ അംഗം കെ.പി ഷജീറയാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിൽ ഇത് സംബന്ധിച്ച പരിശോധനകൾ നടന്നു വരികയാണ്. രജിസ്ട്രേഷൻ ഇല്ലാത്ത ഹോസ്റ്റലുകൾക്ക് രജിസ്ട്രേഷൻ എടുക്കാനും നിർദേശം നൽകി. വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ആറ് മാസം കൂടുമ്പോൾ പരിശോധന നടത്തി സർട്ടിഫിക്കറ്റ് സൂക്ഷിക്കുവാനും ഹോസ്റ്റലുകൾക്ക് നിർദ്ദേശം നൽകിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു.
ഏജൻസി മുഖേന ഉക്രെയിനിൽ എം.ബി.ബി.എസ് പ്രവേശനത്തിനായി നൽകിയ സർട്ടിഫിക്കറ്റുകൾ തിരികെ നൽകിയെങ്കിലും പണം തിരിച്ചുകിട്ടാത്തതിനാൽ ഏജന്റിനെതിരെ അന്വേഷണത്തിന് പോലീസിന് നിർദേശം നൽകും. മെഡിക്കൽ കോളജിന്റെ നിലവാരത്തിൽ സംശയം തോന്നിയാണ് വിദ്യാർഥി പിൻമാറിയത്. ഇത്തരം പരാതികൾ കമ്മീഷന്റെ മുന്നിൽ ധാരാളമായി വന്നിട്ടുണ്ടെന്നും വിദ്യാർഥികൾ ഏജന്റുമാരെ സമീപിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും കമ്മീഷൻ പറഞ്ഞു.
വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാൻ സർക്കാർ നിർദേശിച്ച സബ്സിഡിക്കായി അപേക്ഷിച്ചെങ്കിലും ബാങ്കിന്റെ അനാസ്ഥ മൂലം സബ്‌സിഡി ലഭ്യമായില്ലെന്ന വിദ്യാർഥിയുടെ പരാതിയിൽ കമ്മീഷൻ ബാങ്കിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കാസർകോട് ഗസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച അദാലത്തിൽ 18 പരാതികൾ പരിഗണിച്ചു. 12 പരാതികൾ തീർപ്പാക്കി. ആറെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി വെച്ചു.

