ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയത്തില്‍ നൂറിലേറെ പേരെ കാണാതായി. ചമോലി ജില്ലയിലെ തപോവന്‍ പ്രദേശത്തെ റായിനി ഗ്രാമത്തിലാണ് മഞ്ഞുമലയിടിച്ചിലും പ്രളയവുമുണ്ടായത്. 08/02/21 ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ മരിച്ച 14 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഞായറാഴ്ച രാത്രി വരെ കണ്ടെത്തിയിട്ടുള്ളത്.
2013 ഉത്തരാഖണ്ഡ് പ്രളയത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്ന തെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയരുമെന്നും എത്ര പേരാണ് അപകടത്തില്‍ പെട്ടത് എന്നതിനെ കുറിച്ച് കൂടുതല്‍ കൃത്യമായ കണക്കുകള്‍ പുറത്തുവരാനുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അളകനന്ദ, ഋഷിഗംഗ, ദൗലിഗംഗ നദികളിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. തപോവന്‍ വൈദ്യുത പദ്ധതി ഭാഗികമായി തകര്‍ന്നിരിക്കുകയാണ്.
അതിവേഗത്തില്‍ വെള്ളം ഇരച്ചെത്തിയതിനാല്‍ ആളുകള്‍ ദൂരേക്ക് ഒഴുകിപ്പോയെന്നും മൃതദേഹങ്ങള്‍ ഗ്രാമങ്ങളില്‍ നിന്നും ഏറെ അകലെ നിന്നാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും ദേശീയ ദുരന്തനിവാരണ സേന ഐജി അമരേന്ദ്ര കുമാര്‍ സെനഗര്‍ അറിയിച്ചു.

