കണ്ണൂർ: വൈരുദ്ധ്യാത്മക ഭൗതീകവാദം നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. വിശ്വസിയെയും അവിശ്വാസിയെയും വര്‍ഗ്ഗത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കണം എന്നാണ് പറഞ്ഞത്. വൈരുദ്ധ്യാത്മക ഭൗതികവാദം നിലവിലെ സാഹചര്യത്തില്‍ എങ്ങനെ പ്രായോഗികമാക്കാമെന്ന് ചിന്തിക്കണം. വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള തര്‍ക്കം മൗലികമല്ല. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ അവര്‍ ഒന്നിച്ച് പോകേണ്ടവരാണ്. വര്‍ഗീയതക്കെതിരെ വിശ്വാസികളെ അണിചേര്‍ക്കണം. നമ്മുടേത് വിശ്വാസികളുടെ സമൂഹമാണ്. വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന ആശയത്തില്‍ മാറ്റമില്ല. ജനാധിപത്യപരമായി എല്ലാവരെയും സംഘടിപ്പിക്കുകയാണ് വേണ്ടതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ശനിയാഴ്ച (06/02/21) കെ എസ് ടി എ യുടെ പരിപാടിയിൽ നടത്തിയ പ്രസംഗം വിവാദമായ പശ്ചാത്തലത്തിലായിരുന്നു ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണം. ശബരിമല വിഷയത്തില്‍ സിപിഐഎമ്മിനുള്ളത് കൃത്യമായ നിലപാടാണ്. വിശാലബെഞ്ചിന്റെ വിധി വന്ന ശേഷം എല്ലാവരുമായും ചര്‍ച്ച ചെയ്ത ശേഷം എന്ത് വേണമെന്ന് തീരുമാനിക്കും. ആദ്യത്തെ വിധി വന്നപ്പോഴത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. അമൂര്‍ത്തമായ സാഹചര്യങ്ങളിലെ നിലപാട് മൂര്‍ത്തമായ സാഹചര്യങ്ങളില്‍ മാറാമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യന്‍ സാഹചര്യത്തില്‍ വിശ്വാസികളെ അംഗീകരിച്ചുകൊണ്ടു മാത്രമേ വിപ്ലവപാര്‍ട്ടികള്‍ക്ക് മുന്നോട്ടുപോകാനാവൂ എന്ന് ഇന്നലെയാണ് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത്. ”പ്രാഥമികമായി ഏത് മനുഷ്യനും, പരമ്പരാഗത ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമായി ജനിച്ചുവളരുന്നത് ഒരു ഹിന്ദുവായിട്ടാണ്. അതായത് ഹിന്ദുവാണ്, അല്ലെങ്കില്‍ മുസ്ലിമാണ്, പാഴ്സിയാണ്, സിഖാണ്. ഭൗതികവാദ നിലപാടുപോലും സ്വീകരിക്കാന്‍ പോലും സാധിക്കാത്ത പശ്ചാത്തലമുള്ള ഒരു സമൂഹത്തില്‍ വൈരുദ്ധ്യാത്മക ഭൗതിക വാദം പകരം വെക്കണമെന്ന് പറയുന്നത് ഇന്നത്തെ ഇന്ത്യയില്‍ സാധിക്കുന്ന ഒന്നല്ല. പൂര്‍ണമായും സമന്വയിപ്പിച്ച് രൂപപ്പെടുത്തിയ വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന തികച്ചും ശരിയായ ശാസ്ത്രം ഭൗതികവാദം പോലും അംഗീകരിക്കപ്പെടാത്ത ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ ആശയ പരിസരങ്ങളില്‍ ഫലപ്രദമായി, ബദലായി ഉപയോഗപ്പെടുമെന്നത് ഒരിക്കലും ഈ ഘട്ടത്തില്‍ സംഭവിക്കില്ല”.
”ഹിന്ദുവായാലും മുസല്‍മാനായാലും ക്രിസ്ത്യാനിയായാലും അതില്‍ വലിയ വിഭാഗം വിശ്വാസികളാണ്. ഇന്ത്യയെയും കേരളത്തെയും സംബന്ധിച്ച് വിശ്വാസികളെയും വിശ്വാസത്തിന് അടിസ്ഥാനമായ ദൈവികമായ സങ്കല്‍പങ്ങളെയും തള്ളിപ്പറഞ്ഞുകൊണ്ട് വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന ദാര്‍ശനിക പ്രപഞ്ചത്തെ ഇന്നത്തെ ഫ്യൂഡല്‍ പശ്ചാത്തലത്തില്‍ ബദലായി മുന്നോട്ടുപോകാമെന്ന് പറയുന്നതേ തെറ്റാണ്. അതിനാല്‍ വിശ്വാസികള്‍ക്കും വിശ്വാസമില്ലാത്തവര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ജനാധിപത്യ ഉള്ളടക്കത്തില്‍ നിന്നേ പ്രവര്‍ത്തിക്കാന്‍ കഴിയൂ”. അദ്ദേഹം പറഞ്ഞു.

