മുംബൈ: ജയിലില്‍ കയറാന്‍ ഇനി കുറ്റം ചെയ്യേണ്ട. പകരം വിനോദ സഞ്ചാരത്തിനായി പോകാം. മഹാരാഷ്ട്ര സര്‍ക്കാരാണ് പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ജനുവരി 26ന് ജയില്‍ ടൂറിസത്തിന് തുടക്കമിടാനൊരുങ്ങുകയാണ് മഹരാഷ്ട്ര സര്‍ക്കാര്‍. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറും ചേര്‍ന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.
പൂനെയിലെ യേര്‍വാഡ ജയിലിലാണ് പദ്ധതി ആരംഭിക്കുന്നത്. യേര്‍വാഡ ജയിലില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ അടക്കം നിരവധി പ്രമുഖരാണ് കഴിഞ്ഞിട്ടുള്ളത്. എല്ലാവര്‍ക്കും ജയിലിലെ അനുഭവങ്ങളും സംഭവങ്ങളും മനസ്സിലാക്കാനും അടുത്തറിയാനുമുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. പദ്ധതിയുടെ ഭഗമായി ചില പ്രത്യേക കോംപ്ലക്‌സുകളും തിരഞ്ഞെടുത്തിട്ടുള്ളതായി സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വിശദമാക്കി.