മക്കളുടെ സംരക്ഷണം ലഭിക്കാതെ, ഭക്ഷണമോ മരുന്നോ ലഭിക്കാതെ അവശനിലയിൽ കണ്ടെത്തിയ വൃദ്ധദമ്പതികളിൽ ഒരാൾ മരണമടഞ്ഞു

മുണ്ടക്കയം : വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വൃദ്ധദമ്പതികളിൽ ഒരാൾ മരണമടഞ്ഞു. മുണ്ടക്കയം കരുനീലത്ത് തൊടിയിൽ വീട്ടിൽ പൊടിയൻ (80) ആണ് മരിച്ചത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഭാര്യ അമ്മിണി (76) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 19-01-2021, ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ആശുപത്രിയിൽ വച്ച് പൊടിയൻ മരണമടഞ്ഞത്.

മക്കളുടെ സംരക്ഷണം ലഭിക്കാതെ, ഭക്ഷണമോ മരുന്നോ നൽകാതെ വൃദ്ധദമ്പതികളെ വീട്ടിലെ മുറിയിൽ അടച്ചിട്ടിരിക്കുന്നു എന്ന വിവരം അറിഞ്ഞതിനെ തുടർന്ന് ആശ പ്രവർത്തകരാണ് സ്ഥലത്ത് അന്വേഷിച്ചെത്തിയത്. നാട്ടുകാർ അടുത്തുചെന്ന് അന്വേഷിക്കാതിരിക്കാൻ വീടിനുമുമ്പിൽ പട്ടിയെ കെട്ടിയിരുന്നു എന്നും പട്ടിക്ക് കൃത്യമായി ഭക്ഷണം നൽകിയിരുന്നു എന്നുമാണ് നാട്ടുകാരിൽ നിന്നും ലഭിച്ച വിവരം. വിവരം അറിഞ്ഞതിനെ തുടർന്ന് എത്തിയ ആശാപ്രവർത്തകരെയും ജനപ്രതിനിധികളെയും വീട്ടിൽ കയറാൻ ബന്ധുക്കൾ അനുവദിച്ചില്ല.

അവർ പോലീസിൽ വിവരമറിയിച്ചു. അവരെത്തിയപ്പോഴാണ് ബന്ധുക്കൾ വഴങ്ങിയത്. കട്ടിലിൽ അവശനായി അബോധാവസ്ഥയിൽ കിടക്കുന്ന പൊടിയനേയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഭാര്യ അമ്മിണിയെയും ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. 19-01-2021 ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. രാത്രി 9 മണിയോടെ പൊടിയൻ മരണമടയുകയും ചെയ്തു.

കോവിഡ് പരിശോധനയും പോസ്റ്റുമോർട്ടം കഴിഞ്ഞ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിൽ മക്കൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയാണെങ്കിൽ നടപടി സ്വീകരിക്കുമെന്നും പോലീസ് സമദർശിയോട് പറഞ്ഞു. വൃദ്ധദമ്പതികൾ അവശനിലയിലായിരുന്നു എന്നും ആരെയും അടുപ്പിക്കാതെ ഇരിക്കാൻ പട്ടിയെ കെട്ടിയിട്ടിട്ടുണ്ടായിരുന്നു എന്ന വാർത്ത ശരിയല്ല എന്നുമാണ് പോലീസ് പറഞ്ഞത്.

ഇളയമകൻ റെജിയുടെ കൂടെയാണ് ദമ്പതികൾ താമസിച്ചിരുന്നത്. കൂലിപ്പണിക്കാരനാണ് റെജി. റെജിയുടെ ഭാര്യയാണ് അമ്മിണിയുടെ കൂടെ ആശുപത്രിയിൽ സഹായത്തിനുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →