കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതിയായതോടെ കളമശ്ശേരി മണ്ഡലത്തിൽ ഇക്കുറി വി കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല. ഇബ്രാഹിംകുഞ്ഞിന്റെ മകനും മുസ്ലീം ലീഗിന്റെ എറണാകുളം ജില്ല ജനറൽ സെക്രട്ടറിയുമായ അഡ്വ. അബ്ദുൽ ഗഫൂറിന്റെ പേരാണ് ആദ്യഘട്ടത്തിൽ പാർട്ടിയുടെ പരിഗണനയിലുള്ളത്. പാലം അഴിമതി ചർച്ചയാകാതിരിക്കാൻ മണ്ഡലം കോൺഗ്രസുമായി വെച്ച് മാറിയുള്ള പരീക്ഷണത്തിനും സാധ്യതയുണ്ട്.
2016 ൽ 12, 118 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തുടർച്ചയായ രണ്ടാം വട്ടം വി കെ ഇബ്രാഹിംകുഞ്ഞ് കളമശ്ശേരി മണ്ഡലം നിലനിർത്തിയത്. പാലാരിവട്ടം പാലം അഴിമതിയിൽ പ്രതിഛായ തകർന്നതും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും കാരണം ഇബ്രാഹിംകുഞ്ഞ് ഇക്കുറി മത്സരത്തിനില്ല. പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനായ ഇബ്രാഹിംകുഞ്ഞ് പറയുന്ന പേര് തന്നെയാകും കളമശ്ശേരിയിൽ മത്സരിക്കുക. ഇതോടെയാണ് ഇബ്രാഹിംകുഞ്ഞിന്റെ മകൻ അബ്ദുൽ ഗഫൂറിന്റെ പേര് മുസ്ലീം ലീഗിൽ ചർച്ചക്ക് വന്നത്. എന്നാൽ പാലം അഴിമതി സജീവ ചർച്ച വിഷയമാകുമെന്ന് ഉറപ്പായതിനാൽ യുഡിഎഫിന് വിജയസാധ്യതയുള്ള സീറ്റ് കളഞ്ഞ് കുളിക്കരുതെന്നാണ് മുന്നണിയിലെ അഭിപ്രായം. തുടർന്നാണ് കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുന്ന സാഹചര്യം ചർച്ചയായത്.

