പുനലൂര്‍: കാമുകനൊപ്പം സ്‌കൂട്ടറില്‍ ഉല്ലാസയാത്ര നടത്തിയ 25 കാരിയായ വീട്ടമ്മയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി പോലീസിലേല്‍പ്പിച്ചു. ഒരു കുട്ടിയുടെ മാതാവാണ് യുവതി. കാമുകനായ യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. കറവൂര്‍ സ്വദേശിയായ യുവാവും ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയും ചേര്‍ന്നാണ് തെന്മല ഇക്കോ ടൂറിസം മേഖലയുള്‍പ്പെടെയുളള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കാന്‍ സ്‌കൂട്ടറില്‍ എത്തിയത്. യുവതിയെ തിരിച്ചറിഞ്ഞ സുഹൃത്തുക്കള്‍ മാത്ര സ്വദേശിയായ ഭര്‍ത്താവിനെ വിവരമറിയിച്ചു. ഇദ്ദേഹം ഉടന്‍തന്നെ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കിലെത്തി. ഇടമണ്‍ യുപിസ്‌കൂളിന് സമീപത്തുവച്ച് കമിതാക്കളെ പിടികൂടുകയായിരുന്നു.
യുവതിയും ഭര്‍ത്താവും നടുറോഡില്‍ വച്ച് വാക്കേറ്റമുണ്ടായതോടെ പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാരും യാത്രക്കാരും യുവതിയുടെ ഭര്‍ത്താവും ചേര്‍ന്ന് തെന്മല പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ഇരുകൂട്ടരേയും സറ്റേഷനിലെത്തിച്ചു. പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും യുവതിയെ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. അതോടെ യുവതിയെ കാമുകനൊപ്പം പറഞ്ഞുവിട്ട് പോലീസ് സംഭവം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
