ചെന്നൈ: ജന്മദിനാഘോഷത്തിൽ വാൾ കൊണ്ട് കേക്ക് മുറിച്ചതിന് ക്ഷമാപണം നടത്തി നടൻ വിജയ് സേതുപതി. സംവിധായകൻ പൊൻറാമിന്റെ സിനിമയുടെ സെറ്റിൽ താരം ജന്മദിനം ആഘോഷിച്ചപ്പോഴാണ് വാളുകൊണ്ട് കേക്ക് മുറിച്ചത്.
കേക്ക് വാളുകൊണ്ട് മുറിച്ചതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
“എന്റെ ജന്മദിനത്തിൽ എന്നെ ആശംസിച്ച എല്ലാ സിനിമാ വ്യക്തികൾക്കും ആരാധകർക്കും ഞാൻ നന്ദി പറയുന്നു. മൂന്ന് ദിവസം മുമ്പ്, എന്റെ ജന്മദിനത്തിൽ എടുത്ത ഒരു ഫോട്ടോ വിവാദമായി. ചിത്രത്തിൽ, എന്റെ കേക്ക് മുറിക്കാൻ ഞാൻ ഒരു വാൾ ഉപയോഗിച്ചു. ഈ സിനിമയിൽ പ്രധാന റോളാണ് ആ വാളിനുള്ളത്, അതാണ് അങ്ങനെ ചെയ്തത്. എങ്കിലും പലരും അത് തെറ്റായ സന്ദേശം നൽകുന്നു എന്ന് സ്നേഹപൂർവം ഓർമിപ്പിച്ചു , ഇനി മുതൽ ശ്രദ്ധാലുവായിരിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. എന്റെ പ്രവൃത്തികളാൽ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുകയും ഖേദിക്കുകയും ചെയ്യുന്നു,” വിജയ് സേതുപതി പ്രസ്താവനയിൽ പറഞ്ഞു.