ചെന്നൈ: അശ്ലീല ഉള്ളടക്കത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തതിന് തമിഴ് യൂട്യൂബ് ചാനലായ ‘ചെന്നൈ ടോക്സ്’ ലെ മൂന്ന് അംഗങ്ങളെ ചെന്നൈ സിറ്റി പോലീസ് തിങ്കളാഴ്ച(11/01/21) അറസ്റ്റ് ചെയ്തു.
ചാനലിലെ ‘ഗേൾസ് ഓപ്പൺ സ്പീച്ച് ’ എന്ന പരിപാടിയ്ക്കിടെ ലോക്ഡൗൺ നിയമങ്ങൾക്കിടയിൽ കഴിഞ്ഞ വർഷം അവർ എങ്ങനെ ചെലവഴിച്ചു എന്നതിനെക്കുറിച്ച് ബെസന്റ് നഗർ ബീച്ചിലെ സ്ത്രീകളോട് ആങ്കർ ചോദിച്ചിരുന്നു. ഇതിന് ഒരു സ്ത്രീ നൽകിയ അശ്ലീല മറുപടിയാണ് ചാനലിനെ വെട്ടിലാക്കിയത്.
പരസ്യമായി മോശമായി സംസാരിച്ച സ്ത്രീയുടെ അഭിമുഖത്തിന് ഉത്തരവാദികളായ ആളുകൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ബെസന്ത് നഗറിലെ താമസക്കാരൻ പരാതി നൽകുകയായിരുന്നു.
ചാനൽ ആങ്കർ അസീൻ ബാച്ച, ക്യാമറാമാൻ അജയ് ബാബു, ചാനൽ ഉടമ ദിനേശ് കുമാർ എന്നിവരെ ഐപിസിയുടെ സെക്ഷൻ 294 ബി, 354 ബി, 509, 506 പാർട്ട് 1, വനിതാ ഉപദ്രവ നിയമത്തിന്റെ നാലാം ഭാഗം എന്നിവ പ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

