നിയമസഭാ തിരഞ്ഞെടുപ്പ് , വോട്ടിംഗ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി ജില്ലയില്‍ വോട്ടിംഗ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു. റവന്യൂ, ഇലക്ഷന്‍ തുടങ്ങിയ വകുപ്പുകളിലെ മുപ്പതോളം ജീവനക്കാരാണ് പരിശോധന കേന്ദ്രത്തിലുള്ളത്. കര്‍ശനമായ പൊലീസ് സുരക്ഷ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

വെള്ളയിലെ സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് ഗോഡൗണില്‍ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തിലാണ് പ്രാഥമിക പരിശോധനകള്‍ നടക്കുന്നത്. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി. ജനില്‍കുമാർ മേല്‍നോട്ടം നിർവഹിക്കുന്നു.

4,400 വീതം കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകളും 4,700 വി വി പാറ്റ് മെഷീനുകളുമാണ് പരിശോധനയ്ക്കായി എത്തിയിരിക്കുന്നത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞടുപ്പില്‍ ഉപയോഗിച്ച മെഷീനുകളാണ് ജില്ലയിലെത്തിച്ചത്. 200 വീതം മെഷീനുകള്‍ ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്ന് അടുത്ത ദിവസം എത്തിക്കും. മുന്‍ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ബാലറ്റ്, സീല്‍ എന്നിവ മാറ്റല്‍, മെഷീന്റെ കാര്യക്ഷമതാ പരിശോധന എന്നിവയാണ് നടക്കുന്നത്.

30ന് തുടങ്ങിയ പരിശോധനയില്‍ 2000ത്തിലധികം മെഷീനുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തി. കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകളുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും വിവി പാറ്റ് മെഷീനുകളുടെ പരിശോധന.

വോട്ടിംഗ് മെഷീനിലെ പഴയ ബാലറ്റ് പേപ്പര്‍, ടാഗ് തുടങ്ങിയവ നീക്കം ചെയ്ത ശേഷം മെഷീന്‍ നിര്‍മ്മിച്ച കമ്പനിയിലെ എട്ട് എന്‍ജിനിയര്‍മാര്‍ക്ക് കൈമാറും.
വീണ്ടും സെറ്റ് ചെയ്യുന്ന മെഷീന്‍ പരിശോധിച്ച്‌ തകരാറില്ലാത്തവ ‘മോക് പോള്‍’ കൂടി നടത്തിയ ശേഷം എന്‍ജിനിയര്‍മാര്‍ ഗോഡൗണിലേക്ക് മാറ്റും. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ മെഷീനുകൾ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് ഇവിടെ നിന്ന് കൈമാറും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →