ന്യൂഡല്‍ഹി: ഇന്ത്യാഗേറ്റിനു സമീപം പുതിയ പാര്‍ലമെന്റ് സമുച്ചയനിര്മാണവുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീം കോടതിയുടെ അനുമതി നല്കുന്ന ഭുരിപക്ഷ വിധി സംബന്ധിച്ച ഹര്‍ജിയില്‍, വേറെ വിധിന്യായം എഴുതി ജസ്റ്റിസ് സഞ്ജീവ് ഖന്ന. പദ്ധതി അനുമതികള്‍ നല്‍കിയതിലോ ഭൂമിയുടെ ഉപയോഗക്രമത്തിലോ പിഴവുകളില്ലെന്നാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറും ജസ്റ്റിസ് ദിനേഷ് മഹേശ്വരിയും ഭൂരിപക്ഷവിധിയില്‍ പറഞ്ഞത്. എന്നാല്‍ ഭൂവിനിയോഗത്തിന്റെ കാര്യത്തില്‍ ശരിയല്ലെന്നു ചൂണ്ടിക്കാട്ടി. പൊതുപങ്കാളത്തത്തെക്കുറിച്ചു വ്യക്തമായ സൂചനയോ, പൈതൃക സംരക്ഷണസമിതിയുടെ മുന്‍കൂര്‍ അനുമതിയോ വാങ്ങിയിട്ടില്ലെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്റ്റാ പദ്ധതിയുടെ ഭാഗമാണ് പാര്‍ലമെന്റ് നിര്‍മാണം.രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത്, രാഷ്ട്രപതി ഭവന് മുതല്‍ ഇന്ത്യാഗേറ്റ് വരെ നീണ്ടുകിടക്കുന്ന നാലുകിലോമീറ്ററിലുള്ള ഈ വമ്പന്‍ നിര്‍മാണ പദ്ധതിയുടെ പരിസ്ഥിതി അനുമതികളും സെന്‍ട്രല്‍ വിസ്റ്റാ സമിതി അംഗീകാരവും ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി.ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച നിലവിലെ പാര്‍ലമെന്റ് മന്ദിരം 1927-ല്‍ തുറന്നുകൊടുത്തതാണെന്നും സ്ഥലം കുറവാണെന്നും അഗ്നിരക്ഷാമാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്നും ഭൂകമ്പമുക്തമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ എല്ലാ മന്ത്രാലയങ്ങളും ഒരേ സ്ഥാനത്ത് ഉണ്ടാവേണ്ടതാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. സെന്‍ട്രല്‍ വിസ്റ്റാ പദ്ധതി നയപരമായ തീരുമാനമാണെന്നും മൗലികാവകാശങ്ങള്‍ ലംഘിക്കാത്ത പക്ഷം കോടതിക്ക് നയപരമായ തീരുമാനങ്ങള്‍ റദ്ദാക്കാന്‍ അവകാശമില്ലെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.
പുതിയ പാര്‍ലമെന്റ് സമുച്ചയം: ഭൂവിനിയോഗത്തിലെ പിഴവുകള്‍ വ്യക്തമാക്കി ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ഭിന്ന വിധി
