കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ കേരളത്തിന് മുന്‍ഗണന നല്‍കണമെന്ന് കേന്ദ്രത്തോട് കേരളം

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ കേരളത്തിന് മുന്‍ഗണന നല്‍കണമെന്ന് കേന്ദ്രത്തോട് കേരളം. രോഗവ്യാപനത്തിന്റെ അതിതീവ്രഘട്ടം എത്തുന്നത് പരമാവധി വൈകിച്ച സംസ്ഥാനമാണ് കേരളം. കൂടാതെ നിലവില്‍ കേരളത്തിലാണ് കൂടുതല്‍ രോഗികളുള്ളത്. ഇത് രണ്ടും പരിഗണിച്ച് സംസ്ഥാനത്തിന് മുന്‍ഗണന നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.വളരെ നിയന്ത്രിതമായ രീതിയിലാണ് ആദ്യം ഇവിടെ രോഗം പടര്‍ന്നത്. എന്നാല്‍ പല സംസ്ഥാനങ്ങളിലും വളരെപ്പെട്ടെന്ന് ഒരുപാട് പേരിലേക്ക് രോഗമെത്തുന്ന സ്ഥിതിയുണ്ടായി. രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞ സംസ്ഥാനമെന്ന നിലയില്‍ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ കേരളത്തില്‍ വിപുലമായി എത്തിച്ച് വിതരണം ചെയ്യുന്നത് രോഗവ്യാപനം തടയുന്നതില്‍ വളരെ ഫലപ്രദമായി മാറുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

കോവിഷീല്‍ഡ് വാക്സീന്‍ താരതമ്യേന സുരക്ഷിതമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ വാക്സിന്‍ എടുക്കുന്നതിന് ആശങ്ക വേണ്ട. ചിട്ടയായ വാക്സിന്‍ വിതരണത്തിന് കേരളം സജ്ജമാണ്. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് മുന്‍ഗണനാ ഗ്രൂപ്പിനെ തീരുമാനിച്ചിട്ടുണ്ട്. ആ ലിസ്റ്റിലുള്ളവര്‍ക്കാണ് വാക്സിന്‍ ആദ്യം നല്‍കുക. പിന്നീട് വാക്സിന്‍ കിട്ടുന്ന അളവില്‍ മറ്റുള്ളവര്‍ക്കും നല്‍കും. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ജില്ലകളില്‍ നടന്നിട്ടുണ്ട്. വാക്സിന്‍ കിട്ടി കഴിഞ്ഞാല്‍ അതിന്റെ സംഭരണം, വിതരണം തുടങ്ങിയ എല്ലാ കാര്യങ്ങളിലും കുറ്റമറ്റ രീതിയില്‍ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിദിനം അയ്യായിരത്തോളം കേസുകള്‍ കേരളം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്, ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കേസാണ്, ഇത് ഒരു മാസത്തിലേറെയായി തുടരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 10 ശതമാനമാണെന്ന് കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അഷീല്‍ പറഞ്ഞു. ജനസംഖ്യ കൂടുതലായിരുന്നതും പ്രവാസികളുടെ എണ്ണവുമെല്ലാം വെല്ലുവിളി സൃഷ്ടിച്ചെങ്കിലും കൃത്യമായി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →