കൊച്ചി : എൽഎൻജി പൈപ്പ് കടന്നുപോകുന്ന ഏഴ് ജില്ലകളിലെ വീടുകളിലും സ്ഥാപനങ്ങളിലും വിലകുറഞ്ഞ പാചകവാതകം ലഭ്യമാകും. 2016 ഫെബ്രുവരി 20 ന് ഉദ്ഘാടനം ചെയ്ത സിറ്റി ഗ്യാസ് പദ്ധതി എറണാകുളം ജില്ലയിലെ മൊബൈലിലെ 3500 വീടുകളിൽ ലഭിക്കുന്നുണ്ട്. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡ് ആണ് സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ മാസവും 1000 വീടുകളിൽ കൂടി സിറ്റി ഗ്യാസ് എത്തിക്കാൻ സാധിക്കും എന്ന് കമ്പനി വക്താവ് പറഞ്ഞു. ഈ പദ്ധതി പ്രകാരം പൈപ്പ് ലൈൻ വഴിയാണ് ഗ്യാസ് എത്തുക. എൽപിജി യേക്കാൾ 30% വിലക്കുറവും അപകടം കുറഞ്ഞതുമാണ് ഈ വാതകം. മീറ്റർ റീഡിങ് പ്രകാരമാണ് ബില്ലുകൾ അടയ്ക്കേണ്ടത് ഗാർഹിക ഉപഭോക്താക്കൾക്ക് ഒരു യൂണിറ്റിന് 752.92 രൂപയാണ്. നാലുപേർ ഉൾപ്പെട്ട കുടുംബത്തിൽ ശരാശരി പ്രതിമാസ ഉപയോഗം 0.4 യൂണിറ്റ് വച്ച് കണക്കാക്കിയാൽ ചിലവ് വരുന്നത് മാസം 300 രൂപ മാത്രമാണ്.
വാണിജ്യ ഉപഭോക്താക്കൾക്ക് 850. 33 രൂപയും വാഹനങ്ങൾക്ക് നൽകുന്ന സിഎൻജി കിലോഗ്രാമിന് 57.30 രൂപയുമാണ് വില.
എറണാകുളം ജില്ലയിലെ മുഴുവൻ താലൂക്കുകളിലും പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൃപ്പൂണിത്തറ, കരിങ്ങാച്ചിറ, കുണ്ടന്നൂർ, ഇടപ്പള്ളി, ആലുവ മേഖലകളിൽ പൈപ്പ് ലൈൻ സ്ഥാപിച്ചു. ആറ് മുനിസിപ്പാലിറ്റിയിലും പൈപ്പിടൽ ആരംഭിച്ചു. തൃക്കാക്കര മുൻസിപ്പാലിറ്റിയിൽ 2500 വീടുകളിൽ കണക്ഷൻ നൽകി. കളമശ്ശേരി മുനിസിപ്പാലിറ്റിയിൽ ആറ് വാർഡുകളിൽ എത്തി. അങ്കമാലിയിലേക്ക് പെരുമ്പാവൂരിലേക്ക് കോലഞ്ചേരിയ്ക്ക് പൈപ്പിടൽ നടന്നുകൊണ്ടിരിക്കുകയാണ്. സൗത്ത് കളമശ്ശേരി, എടയാർ വ്യവസായ മേഖലകളിൽ മാർച്ചിലും അങ്കമാലിയിൽ ജൂണിലും സിറ്റി ഗ്യാസ് എത്തും. കൊച്ചി കോർപ്പറേഷനിലെ 18 ഡിവിഷനുകളിൽ പൈപ്പിടൽ ഉടൻ ആരംഭിക്കും.
ഈ വർഷംഅവസാനമോ അടുത്ത വർഷം ആദ്യമോ സംസ്ഥാന തലസ്ഥാന നഗരിയിൽ സിറ്റി ഗ്യാസ് വിതരണത്തിലെ കരാർ ഏറ്റെടുത്ത ഫിലിപ്പൈൻസ് കമ്പനി വക്താക്കൾ പറഞ്ഞു. വിതരണത്തിനുള്ള സബ്സ്റ്റേഷൻ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. 10 പിഎൻജി സ്റ്റേഷന്റെയും 15 സിഎൻജി സ്റ്റേഷന്റെയും നിർമ്മാണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇത് പൂർത്തിയായാൽ ആദ്യഘട്ട വിതരണവും ഹൗസ് കണക്ഷനും നൽകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഗ്യാസ് വിതരണത്തിന് കേന്ദ്ര റെഗുലേറ്ററി ബോർഡ് അനുമതി നൽകിയതനുസരിച്ച് 2019 മാർച്ച് 29ന് കരാറൊപ്പിട്ടു. എട്ടു വർഷം കൊണ്ട് മൂന്നു ജില്ലകളിലും ഗ്യാസ് എത്തിക്കാനാണ് കരാർ.

