കൊറോണയ്‌ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ശക്തിപകരുന്ന നിര്‍ണായക വഴിത്തിരിവാണ് ഭാരത് ബയോടെക്, സിറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയുടെ വാക്‌സിനുകള്‍ക്ക് ഡി.സി.ജി.ഐ നല്‍കിയ അനുമതിയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
“മനസ്ഥൈര്യത്തോടെയുള്ള പോരാട്ടത്തിന് ശക്തിപകരുന്ന നിര്‍ണായക വഴിത്തിരിവ്! സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് കമ്പനികളുടെ വാക്‌സിന് ഡി.സിജി.ഐ അനുമതി നല്‍കിയിരിക്കുന്നു. ഇത് കോവിഡ് മുക്തവും ആരോഗ്യപൂര്‍ണ്ണമായവുമായ രാജ്യത്തിലേക്കുള്ള മുന്നേറ്റം വേഗത്തിലാക്കും. ഇന്ത്യക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ കഠിനാധ്വാനികളായ ശാസ്ത്രജ്ഞര്‍ക്കും നവീനാശയക്കാര്‍ക്കും അഭിനന്ദനങ്ങള്‍”.
“അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്ന രണ്ടു വാക്‌സിനുകളും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് എന്നത് ഓരോ ഇന്ത്യക്കാരനെയും അഭിമാനിതനാക്കുന്നു. അടിസ്ഥാന തലത്തില്‍ സുരക്ഷയും അനുകമ്പയും നിറഞ്ഞ, ആത്മനിര്‍ഭര്‍ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള നമ്മുടെ ശാസ്ത്ര സമൂഹത്തിന്റെ വ്യഗ്രത ഇതില്‍ പ്രതിഫലിക്കുന്നു”.
“ഡോക്ടര്‍മാര്‍, മെഡിക്കല്‍ സ്റ്റാഫ്, ശാസ്ത്രജ്ഞര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി എല്ലാ കൊറോണ മുന്നണിപ്പോരാളികളോടും, പ്രതികൂല സാഹചര്യത്തിലും അവര്‍ പ്രദര്‍ശിപ്പിച്ച അതുല്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നമ്മുടെ നന്ദി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. നിരവധി ജീവനുകള്‍ രക്ഷിച്ചതിന് അവരോട് നാം എന്നും കടപ്പെട്ടിരിക്കും”