ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം തകർത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നൂറായി. സംഭവത്തിൽ 350 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ പ്രവിശ്യാ സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാന് പ്രവിശ്യയായ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രമാണ് ഒരുകൂട്ടം ആളുകള്‍ കഴിഞ്ഞ ആഴ്ച തകര്‍ത്തത്. ആക്രമണത്തിന് പ്രോത്സാഹിപ്പിച്ചു എന്ന കുറ്റത്തിന് പ്രാദേശിക മുസ്ലിം മതപണ്ഡിതനെന്ന് പറയപ്പെടുന്ന മുല്ല ഷരീഫിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്രം തകര്‍ത്തതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാകിസ്ഥാന് സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ജനുവരി അഞ്ചിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ കമ്മീഷനേയും സുപ്രീംകോടതി ചുമതലപ്പെടുത്തി.
സമാനമായ രീതിയില്‍ 1997 ല്‍ തകര്‍പ്പെട്ട ഹിന്ദുക്ഷേത്രം സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം രാജ്യത്ത് പുനര്‍നിര്‍മ്മിച്ചിരുന്നു.

