ഇ-റേഷന്‍ കാര്‍ഡ് സംവിധാനം വരുന്നു. ഇനി ഇരുപത്തിരണ്ട് പേജുള്ള റേഷന്‍ കാർഡ് വേണ്ട

ആലപ്പുഴ : ഇരുപത്തിരണ്ട് പേജുള്ള റേഷന്‍ കാര്‍ഡിന് പകരം ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുന്നു. ആറ് മാസത്തിനുള്ളില്‍ സേവനം നിലവില്‍ വരും. രണ്ട് പുറത്തും വിവരങ്ങളടങ്ങിയ ഒറ്റ കാര്‍ഡായി ഇനി റേഷന്‍ കാര്‍ഡ് ലഭിക്കും.
സപ്ലൈ ഓഫീസുകളില്‍ പോകാതെ റേഷന്‍കാര്‍ഡ് ലഭ്യമാകുന്ന സംവിധാനത്തിൻ്റെ ട്രയല്‍ റണ്‍ സംസ്ഥാനത്ത് വിജയകരമായി പൂര്‍ത്തിയാക്കി. സുരക്ഷാ ഓഡിറ്റുകൂടി പൂര്‍ത്തിയാക്കിയാല്‍ സംവിധാനം നിലവിൽ വരും. തിരുവനന്തപുരം ജില്ലയിലാണ് ആദ്യം ഇ_റേഷൻ കാർഡ് നിലവില്‍ വരികയെന്ന് സിവില്‍ സപ്ലൈസ് ഐ ടി വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇതനുസരിച്ച് അപേക്ഷകന്റെ മൊബൈല്‍ ഫോണിലും ഇ-മെയിലിലും ലഭിക്കുന്ന ലിങ്കു മുഖേന റേഷന്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാൻ കഴിയും. അക്ഷയ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ കാര്‍ഡ് പ്രിന്റ് ചെയ്ത് കിട്ടും. അന്ത്യോദയ, മുന്‍ഗണന, പൊതുവിഭാഗങ്ങളിലായി നാല് നിറങ്ങളില്‍ 22 പേജുകളില്‍ പുസ്തകരൂപത്തിലാണ് ഇപ്പോള്‍ റേഷന്‍ കാര്‍ഡ്. ഇത് ആധാര്‍ മാതൃകയില്‍ ഒറ്റ കാര്‍ഡായി മാറ്റും. പുതിയ അപേക്ഷകര്‍ക്ക് ഇ- കാര്‍ഡ് നല്‍കും.

ഓണ്‍ലൈനില്‍ ലഭിക്കുന്ന അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ പരിശോധിച്ചശേഷം അപേക്ഷകന്‍ കാര്‍ഡിന് അര്‍ഹനാണെങ്കില്‍ പ്രിന്റ് എടുക്കാം. ഇതിന് അപേക്ഷയില്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ കാര്‍ഡ് പ്രിന്റ് ചെയ്യുന്നതിനുള്ള സന്ദേശം ലഭിക്കും. അപേക്ഷകനോ കാര്‍ഡില്‍ അംഗങ്ങളാവുന്ന ആളുകളോ ആണോ പ്രിന്റ് എടുക്കുന്നതെന്ന് പ്രത്യേകം പരിശോധിക്കും. ആധാര്‍ അടക്കം പരിശോധിച്ചതിന് പിന്നാലെയാണ് അപേക്ഷകന് ഒടിപി നമ്പര്‍ ലഭിക്കുക
ഇതിനുശേഷം മാത്രമേ പ്രിന്റ് ചെയ്യാൻ കഴിയൂ. കാര്‍ഡില്‍ ഇംഗ്ലീഷ്, മലയാളം ഭാഷകളുണ്ടാവും.

പുസ്തകരൂപത്തിലുള്ള കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് വേണമെങ്കില്‍ ഇ_ കാര്‍ഡാക്കി മാറ്റാനും കഴിയും.’ കുടുംബാംഗങ്ങളുടെ പേരുള്‍പ്പെടെയുള്ള അത്യാവശ്യ വിവരങ്ങള്‍ കാര്‍ഡിന്റെ രണ്ട് പുറങ്ങളിലായി രേഖപ്പെടുത്തും.
അക്ഷയ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ കാര്‍ഡ് പ്രിന്റ് ചെയ്ത് ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →