പാലായിൽ തട്ടി പിളരാനൊരുങ്ങി എന്‍ സി പി സംസ്ഥാന ഘടകം

തിരുവനന്തപുരം: എന്‍ സി പി സംസ്ഥാന ഘടകം പിളര്‍പ്പിലേക്ക് പോകുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഏതാനും ദിവസങ്ങളായി പുറത്തു വരുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പന്‍ എം എല്‍ എയും അടക്കമുള്ള പ്രബല വിഭാഗം യൂ ഡി എഫില്‍ ചേരാന്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോർട്ടുണ്ട് . എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇത്തരമൊരു ചർചയ്ക്ക് നേതൃത്വം നൽകി എന്നാണ് ചില ഉന്നത കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

കേരള കോണ്‍ഗ്രസ് എം പിളര്‍ന്ന് ജോസ് കെ മാണിയും കൂട്ടരും എല്‍ ഡി എഫില്‍ ചേര്‍ന്നപ്പോള്‍ തുടങ്ങിയ പ്രശ്നങ്ങളാണ് മാണി സി കാപ്പനെയും പീതാംബരൻ മാസ്റ്ററെയും എൽ ഡി എഫിൽ നിന്ന് പുറത്തേക്ക് നയിക്കുന്നത്. പാലാ സീറ്റിനെ ചൊല്ലയുള്ള തര്‍ക്കം തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലും പരിഹരിക്കാന്‍ എല്‍ ഡി എഫിന് സാധിച്ചിട്ടില്ല.

പാലാ സീറ്റിന്റെ കാര്യത്തിൽ എൽ ഡി എഫിൽ നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എങ്കിലും അത് ജോസ് കെ മാണി വിഭാഗത്തിനായിരിക്കും എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ജോസ് വിഭാഗം എൽ ഡി എഫിൽ എത്തിയ നിമിഷം മുതൽ പാലായെ കുറിച്ച് മാണി സി കാപ്പൻ പറഞ്ഞു കൊണ്ടേയിരിക്കുന്നുണ്ട്, എന്നാൽ ഇത് കേട്ട ഭാവം നടിക്കാൻ സി പി എം തയ്യാറായിട്ടുമില്ല. പാലാ വിട്ടുകൊടുക്കില്ലെന്ന ഉറച്ച് നിലപാടിലാണ് മാണി സി.കാപ്പന്‍.

യുഡിഎഫില്‍ ചേരുന്നതില്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. എന്‍.സി.പി എല്‍.ഡി.എഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ പ്രതികരണവുമായി എ. കെ ശശീന്ദ്രന്‍ രംഗത്തുവന്നിട്ടുണ്ട് . എല്‍.ഡി.എഫ് വിടുമെന്ന വാര്‍ത്തകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും സംസ്ഥാന അധ്യക്ഷന്‍ ടി. പി പീതാംബരന്‍ മാസ്റ്ററും പാലാ എം.എല്‍.എ മാണി സി കാപ്പനും എല്‍.ഡി.എഫ് വിടില്ലെന്ന കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും എ. കെ ശശീന്ദ്രന്‍ പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയാകുമ്പോള്‍ സ്വാഭാവികമായും തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ സീറ്റുകള്‍ ചോദിക്കും. ആ സീറ്റുകള്‍ ചോദിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയാണ് എന്നതു സംബന്ധിച്ചോ, എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നതു സംബന്ധിച്ചോ പാര്‍ട്ടി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല.

ഇത്തരം വാര്‍ത്തകള്‍ അപ്രസക്തവും അനവസരവുമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസ് എസില്‍ ചേരും എന്ന് പറയുന്നത് ഭാവനാ സൃഷ്ടിയാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. എന്‍.സി.പി ഇതുവരെ മത്സരിച്ച സീറ്റുകളില്‍ തന്നെ മത്സരിക്കണമെന്ന കാര്യമാണ് ആവശ്യപ്പെടുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

എന്‍.സി.പി കഴിഞ്ഞ പത്ത് നാല്‍പത് വര്‍ഷമായി എല്‍.ഡി.എഫിന്റെ കൂടെതന്നെയാണ്. മുന്നണി ബന്ധങ്ങളെക്കുറിച്ചുള്ള ഒരു പുനരാലോചന ഒരു ഘട്ടത്തിലും എടുത്തിട്ടില്ല.

പാലാ സീറ്റിനെ സംബന്ധിച്ചും മാണി സി. കാപ്പനെ സംബന്ധിച്ചും നല്‍കുന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഏത് ദേശീയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളവും അന്തിമ തീരുമാനം അഖിലേന്ത്യാ കമ്മിറ്റിയുടേതാണ്. ആ കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് പ്രവര്‍ത്തിക്കുക. അതില്‍ ടി.പി പീതാംബരന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മത്സരിക്കാന്‍ പാര്‍ട്ടി എവിടെയാണ് പറയുന്നതോ അവിടെ മത്സരിക്കുമെന്ന് ശശീന്ദ്രന്‍ പറഞ്ഞു. ഇനി മത്സരിക്കണ്ടെന്നാണ് പറയുന്നതെങ്കില്‍ മാറിനില്‍ക്കുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

ജോസ് കെ. മാണിയെ മുന്നണിയില്‍ എടുത്തതില്‍ എന്തു ചെയ്യണമെന്നത് എന്‍.സി.പിയാണോ തീരുമാനിക്കേണ്ടതെന്നും ശശീന്ദ്രന്‍ ചോദിച്ചു. അത് കൂട്ടായെടുക്കേണ്ട തീരുമാനമാണ്. എന്‍.സി.പിക്കവകാശപ്പെട്ട സീറ്റുകളിലാണ് എന്‍.സി.പി മുന്നണിയോട് അവകാശപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. പാലാ സീറ്റ് ജോസ് കെ മാണി ആവശ്യപ്പെട്ടിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →