ബുവാനോസ് ആരീസ്: ഗര്‍ഭഛിദ്രം നിയമവിധേയമാക്കി ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീന. 14 ആഴ്ച വരെ പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കുന്നതിന് നിയമപരമായ അനുമതി നല്കുന്ന ബില്ലാണ് അര്‍ജന്റീന കോണ്‍ഗ്രസ് പാസാക്കിയത്. ബില്ലിന്മേല് സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 38 പേര് അനുകൂലമായി വോട്ടുചെയ്തപ്പോള്‍ 29 സെനറ്റര്‍മാര്‍ ശക്തമായി എതിര്‍ത്തു. ഒരാള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
നേരത്തെ ബലാല്‍സംഗം മൂലമുള്ള ഗര്‍ഭധാരണവും അമ്മയുടെ ജീവന് ഭീഷണയുണ്ടെങ്കിലും മാത്രമേ ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതിയുണ്ടായിരുന്നുള്ളൂ. ഈ മാസം ആദ്യം ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. ലാറ്റിനമേരിക്കയില്‍ വളരെയധികം സ്വാധീനമുള്ള കത്തോലിക്കാ സഭ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തിരുന്നു. പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പിന്തുണയ്ക്കുന്ന ബില്‍ നിരസിക്കാന്‍ സെനറ്റര്‍മാരോട് സഭ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അര്‍ജന്റീനയില്‍ നിയമം പാസാക്കുന്നത് മറ്റ് രാജ്യങ്ങളെയും ഇത് പിന്തുടരാന് പ്രേരിപ്പിക്കുമെന്ന് ബില്ലിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

