കോഴിക്കോട് വന്‍ തീപിടുത്തം

ചെറുവണ്ണൂര്‍: കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടുത്തം. ഫറോക്ക് – കോഴിക്കോട് റോഡിലെ കാര്‍ ഷോറൂമിന് സമീപത്തെ പ്ലാസ്റ്റിക് വേർതിരിക്കുന്ന യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്.

രാവിലെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി. 20 യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്. ജില്ലയിലെ 19 യൂണിറ്റുകളും മലപ്പുറത്ത് നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീയണക്കുന്നത്.

തീപിടുത്തമുണ്ടായ കെട്ടിടത്തിൽ നിന്നും സമീപത്തെ വാഹന ഷോറൂമിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേന.

ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. തീപിടുത്തമുണ്ടായ സ്ഥലത്ത് വീടുകളോ ആള്‍താമസമോ ഇല്ലാത്തതിനാല്‍ മറ്റു അപകടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തീ നിയന്ത്രണ വിധേയമാകാന്‍ തുടങ്ങിയിട്ടുണ്ടെന്നും പരിസരത്തെ മറ്റു കെട്ടിടങ്ങളിലേക്ക് പടര്‍ന്നുപിടിക്കാന്‍ സാധ്യതയില്ലെന്നും സേന അറിയിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →