തിരുവനന്തപുരം : കോവിഡ് വ്യാപനം കുറയുകയും കെഎസ്‌ആര്‍ടിസി ബസുകളില്‍ തിരക്കേറി തുടങ്ങുകയും ചെയ്‌ത സാഹചര്യത്തില്‍ ബസ്‌ചാര്‍ജ് കുറക്കാന്‍ തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. നിലവിലെ നിരക്ക് എത്രവരെ കുറക്കാന്‍ കഴിയുമെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജനുവരിയില്‍ ജസ്‌റ്റീസ് രാമചന്ദ്രന്‍ കമ്മീഷനെ സമീപിക്കും. ഈ റിപ്പോര്‍ട്ടനുസരിച്ച് പുതിയ നിരക്കുകള്‍ തീരുമാനിക്കും.
അതേസമയം പുതിയ നിരക്കുകള്‍ തീരുമാനിക്കുമ്പോള്‍ കഴിഞ്ഞ ജൂണിന് മുമ്പിലത്തെ നിരക്കിലേക്ക് പോകാനാവില്ലെന്നാണ് ഗതാഗത വകുപ്പിന്‍റെ നിലപാട്. ഡീസല്‍വില വര്‍ദ്ധനയുള്‍പ്പടെ പരിഗണിച്ച് ജൂണിന് മുമ്പത്തേതില്‍ നിന്ന് 10-15 ശതമാനം വരെ വര്‍ദ്ധന വരുന്ന വിധത്തിലായിരിക്കും പുതിയ നിരക്കെന്നാണ് സൂചന
ജനുവരി ഒന്നോടെ എല്ലാബസുകളും നിരത്തിലിറക്കാനാണ് കെഎസ് ആര്‍ടിസിയുടെ തീരുമാനം. ഓര്‍ഡിനറി മിനിമം ചാര്‍ജായ 8 രൂപ നിലനിര്‍ത്തിയാണ് ജൂണില്‍ യാത്രാ നിരക്ക് കൂട്ടിയത്. മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ നിന്ന് (രണ്ട് ഫെയര്‍സ്റ്റേജ്. ) രണ്ടരയായി (ഒരു ഫെയര്‍സ്റ്റേജ്) കുറച്ചിരുന്നു. കിലോമീറ്റര്‍ നിരക്ക് 70 പൈസയായിരുന്നത് 90 പൈസയാക്കിയാണ് വര്‍ദ്ധിപ്പിച്ചിരുന്നത്. സൂപ്പര്‍ ക്ലാസുകളുടെ നിരക്കില്‍ 25 ശതമാനം വര്‍ദ്ധനയും വരുത്തി.

