ഇടുക്കി: വിവാഹദിനത്തിൽ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വരന് വധു കാറിലിരുന്ന് മിന്നു ചാർത്തി. ഏറെക്കാലം പ്രണയബദ്ധരായിരുന്ന കട്ടപ്പന പാറക്കടവ് സ്വദേശിനിയായ അശ്വതിയും അയൽവാസിയായ രൂപേഷുമായുള്ള വിവാഹം വീട്ടുകാരുടെ എതിര്‍പ്പുകളെ അതിജീവിച്ചാണ് നിശ്ചയിച്ചത്. തുടർന്ന് വില്ലനായ അപകടത്തെയും തട്ടിമാറ്റി അവർ ഒന്നിയ്ക്കുകയായിരുന്നു.
27-12-2020 ഞായറാഴ്ചയാണ് സംഭവം. വലിയപാറ കാവ്യഭവന്‍ രൂപേഷ് സഞ്ചരിച്ച ബൈക്ക് കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ കാറുമായി കൂട്ടിയിടിച്ച് പരിക്കേൽക്കുകയായിരുന്നു.
രാവിലെ വിവാഹ ആവശ്യത്തിന് പൂവ് വാങ്ങാനായി പോയപ്പോഴായിരുന്നു അപകടം. കാലിന് ഗുരുതരമായി പരിക്കേറ്റ രൂപേഷിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. കാറില്‍ വിവാഹ ചടങ്ങിനെത്തിയെങ്കിലും ക്ഷേത്രത്തിലേക്ക് കാറിന് പ്രവേശിക്കാൻ കഴിയാതെ വന്നതോടെ സമീപത്തെ വീട് വിവാഹവേദിയാക്കി കാറിലിരുന്ന് മിന്ന് ചാര്‍ത്തുകയായിരുന്നു.
വിവാഹം കഴിഞ്ഞ ഉടനെ വരനെ വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കട്ടപ്പന പാറക്കടവ് സ്വദേശിനിയായ അശ്വതിയുടെ വീട്ടുകാര്‍ വിവാഹത്തിന് എതിരായിരുന്നു. എതിർപ്പ് രൂക്ഷമായതോടെ ഇരുവരും ക്ഷേത്രത്തില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. രൂപേഷിൻ്റെ കുടുംബത്തിൻ്റെ അനുമതിയോടെയാണ് ഞായറാഴ്ച വിവാഹം നിശ്ചയിച്ചത്. തുടർന്നാണ് അപകടവും വേറിട്ട വിവാഹവും നടന്നത്.

