തിരുവനന്തപുരം: ഏപ്രില്‍ അവസാനവും മെയ് രണ്ടാം വാരത്തിനിടയിലുമായി രണ്ട് ഘട്ടമായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ സാധ്യത. കേരളം ഉള്‍പ്പടെ 5 സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗ്ഗങ്ങളെക്കുറിച്ചും ക്രമീകരണങ്ങളെ കുറിച്ചുമുളള ധാരണകള്‍ ഇതിനോടകം രൂപീകരിച്ചുകഴിഞ്ഞിട്ടുണ്ട്. തീയതി സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഇതിനായി സംസ്ഥാന അധികൃതരുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്ത ആഴ്‌ച ചര്‍ച്ചകള്‍ നടത്തും.
തകരാര്‍ സംഭവിക്കാനുളള സാധ്യത വളരെകുറവുളള പുത്തന്‍ തലമുറയില്‍പെട്ട എം3 വോട്ടിംഗ് യന്ത്രങ്ങളായിരിക്കും ഇത്തവണ വേട്ടിംഗിനുപയോഗിക്കക. തെലങ്കാന, മഹാരാഷ്ട്ര ,ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചിരുന്നത് ഈ തരത്തിലുളള യന്ത്രങ്ങളാണ. ഇവ നിലവിലുളളതിനേക്കാള്‍ വീതി കുറഞ്ഞതും നീളം കൂടിയതുമാണ്. പ്രവര്‍ത്തന രീതിയില്‍ മാറ്റമില്ല..ഇതില്‍ 24 ബാലറ്റിംഗ് യൂണിറ്റുകള്‍ ബന്ധിപ്പിക്കാന്‍ കഴിയും. എന്നാല്‍ നിലവിലുളളതില്‍ നാല് ബാലറ്റിംഗ് യൂണിറ്റുകള്‍ മാത്രമാണ് ബന്ധിപ്പിക്കാന്‍ കഴിയുന്നത്.
അനധികൃതമായി തുറക്കാന്‍ ശ്രമിച്ചാല്‍ പ്രവര്‍ത്തന രഹിതമാകും. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ ഓണ്‍ ലൈനിലൂടെ പരിശോധിക്കാനുളള സൗകര്യവും ഉണ്ട്. ഹാര്‍ഡ് വെയറിലോ സോഫ്‌റ്റ്‌റിലോ മാറ്റം വന്നാല്‍ തിരിച്ചറിയാനാവും. ഒരുലക്ഷം വോട്ടിംഗ് യന്ത്രങ്ങളാണ് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്. 26 മുതല്‍ ഇവയുടെ പരിശോധന തുടങ്ങും. ഭെല്ലിലെ എഞ്ചിനീയര്‍മാരും സാങ്കേതിക വിദഗ്‌ദരുമാണ് നേതൃത്വം നല്‍കുന്നത്.

