പനങ്ങാട്: രാത്രി യാത്രക്കാരെ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി പണം കവരുന്ന അന്തര്‍ ജില്ലാ സംഘതലവനും ഭാര്യയും പോലീസ് പിടിയിലായി. ആലപ്പുഴ കുട്ടനാട് എടത്വാ ചങ്ങങ്കേരി ലക്ഷം വീട്ടില്‍ വി. വിനീത്(22), ഭാര്യ ഷിന്‍സി(19) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ ശ്യാംനാഥ് ,വിഷ്ണുദേവ്, മിഷേല്‍ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിലിരിക്കെ കോവിഡ് ചികിത്സക്കായി കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന വിനീത് 2020 ഒക്ടോബര്‍ 24 ന് ശുചിമുറിയുടെ വെന്റിലേറ്റര്‍ ഇളക്കി ചാടി പോവുകയായിരുന്നു. അമ്പലപ്പുഴ നീര്‍ക്കുന്നത്ത് നിന്നാണ് ഇരുവരേയും പിടികൂടിയത്. കവര്‍ച്ച വസ്തുക്കള്‍ കണ്ടെടുക്കുന്നതിനായി കസറ്റഡിയില്‍ വാങ്ങി അന്വേഷണം തുടങ്ങി. ഷിന്‍സിയെ കൊല്ലം പാരിപ്പളളി പോലീസിന് കൈമാറി.
കേരളത്തിലും തമിഴ്നാട്ടിലുമായി ഒട്ടേറെ കേസുകളില്‍ പ്രതികളാണിവര്‍. ബൈക്കുകളും കാറുകളും തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍, ലാപ് ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്എന്നിവ കവുരുകയായിരുന്നു രീതി . വിവിധ സ്റ്റേഷനുകളിലായി 6 ബൈക്കുകള്‍, 2 വാനുകള്‍ എന്നിവ കവര്‍ന്ന കേസുകളിലും പ്രതികളാണ്.
പ്രതികള്‍ക്കായി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പ്രത്യേക സംഘത്തിന് രൂപം നല്കി. ഡിസിപി രാജീവിന്റെ നേതൃത്വത്തില്‍ തൃക്കാക്കര എസി ജിജിമോന് ,പനങ്ങാട് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. എസ്ഐമാരായ റിജിന്‍ എം തോമസ്, വിജെ ജേക്കബ്ബ്, വി.എന്‍ സുരേഷ്, സിഎം ജോസി , മധു, എസ്ഐ മാരായ അനില്‍കുമാര്‍, സിപിഒ ഗുജ്റാള്‍, ,സുധീഷ്, പ്രദീപ്, സീനിയര്‍ സിപിഒഷീബ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

