ന്യൂഡൽഹി: രാജ്യത്ത് 94 ലക്ഷത്തിലധികം കോവിഡ് രോഗികൾ സുഖം പ്രാപിച്ചതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. നിലവിൽ 3.4 ലക്ഷം സജീവ കേസുകൾ മാത്രമാണ് ഉള്ളതെന്നും ചൊവ്വാഴ്ച (15/12/2020) വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
‘ഇന്നുവരെ 15.55 കോടിയിലധികം ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്, അതേസമയം മൊത്തം പോസിറ്റീവ് നിരക്ക് 6.37 ശതമാനവും കഴിഞ്ഞ ആഴ്ചയിലെ ശരാശരി ദൈനംദിന പോസിറ്റീവ് നിരക്ക് രാജ്യത്ത് 3.00 ശതമാനവുമായിരുന്നു. 95.12% എന്ന റിക്കവറി നിരക്ക് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
ഒരു ദശലക്ഷം ജനസംഖ്യയിൽ 7178 കേസുകളുള്ള ഇന്ത്യ ഇപ്പോൾ ലോകത്തിലെ ഏറ്റവും താഴ്ന്ന കോവിഡ് നിരക്കുള്ള രാജ്യങ്ങളിലൊന്നാണ്. സംഭവിച്ച മരണങ്ങളുടെ കാര്യത്തിലും ഒരു ദശലക്ഷം ജനസംഖ്യയിൽ 104 മരണങ്ങൾ മാത്രമാണ് രാജ്യത്തുണ്ടായത്.
മരണനിരക്കിന്റെ കാര്യത്തിൽ, ആഗോള ശരാശരി 2.26 ശതമാനമായിരിക്കുമ്പോൾ ഇന്ത്യയിൽ ഇത് 1.45 ശതമാനമാണ്.’അദ്ദേഹം വ്യക്തമാക്കി.

