ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ പൊതുജനങ്ങൾ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾക്ക്
കര്‍ഷക സംഘടനകൾ പൊതുജനങ്ങളോട് മാപ്പപേക്ഷിച്ചു.
കർഷക സമരങ്ങളെ തുടര്‍ന്ന് ഹരിയാനയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിവിധ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്
അതിര്‍ത്തികള്‍ അടച്ചതുമൂലം പൊതുജനത്തിനുണ്ടാകുന്ന കഷ്ടതകൾ കണക്കിലെടുത്ത് കര്‍ഷക സംഘടനകള്‍ ലഘുലേഖകള്‍ അടിച്ചിറക്കിയാണ് മാപ്പപേക്ഷിച്ചത്.
40 ഓളം കര്‍ഷക സംഘടനകളാണ് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രതിഷേധം നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ തങ്ങള്‍ സമർപ്പിച്ച ആവശ്യങ്ങള്‍ എടുത്തു പറഞ്ഞാണ് ലഘുലേഖയി ലൂടെ പൊതുജനത്തോട് ക്ഷമ ചോദിച്ചത് .
” ഭക്ഷ്യ ദാതാക്കള്‍ എന്ന് വിളിക്കുന്ന ഞങ്ങൾ കർഷകരാണ്. ഞങ്ങൾക്കു വേണ്ടി പ്രധാനമന്ത്രി നൽകിയ ഈ മൂന്ന് പുതിയ നിയമങ്ങളും സമ്മാനമായി തന്നതാണെന്ന് പറയുന്നു. എന്നാൽ ഇത് ഒരു സമ്മാനമല്ല, ശിക്ഷയാണെന്ന് ഞങ്ങള്‍ പറയുന്നു. നിങ്ങള്‍ ഞങ്ങള്‍ക്ക് ഒരു സമ്മാനം നല്‍കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പ് നല്‍കുക. റോഡുകള്‍ തടയുക, പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. ഞങ്ങള്‍ ഇവിടെ ആവശ്യക്കാരാണ്. പക്ഷേ ഞങ്ങളുടെ പ്രക്ഷോഭം നിങ്ങള്‍ക്ക് വേദനയുണ്ടാക്കുന്നുണ്ട്. ഞങ്ങള്‍ കൈകൂപ്പി ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ക്ക് എന്ത് അത്യാവശ്യമുണ്ടെങ്കിലും ഞങ്ങളുടെ സന്നദ്ധപ്രവര്‍ത്തകരെ ബന്ധപ്പെട്ടാല്‍ മതി.” എന്നാണ് ലഘുലേഖയില്‍ പറയുന്നത്.
തങ്ങള്‍ക്ക് പ്രധാനമന്തിയുടെയും മറ്റ് ആരുടേയും ദാനം ആവശ്യമില്ല. തങ്ങളുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില മാത്രം മതിയെന്നും കര്‍ഷകര്‍ കൂട്ടിചേര്‍ക്കുന്നു. ഞങ്ങള്‍ ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയോട് പറയാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു ആവശ്യമാണിത്. സര്‍ക്കാര്‍ ഞങ്ങളോട് സംസാരിക്കുന്നതായി നടിക്കുന്നു. എന്നാൽ ഞങ്ങള്‍ പറയുന്നത് കേള്‍ക്കാൻ തയാറല്ല എന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നു

