കൊച്ചി: മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് ചെയര്‍മാനായ ചന്ദ്രിക ദിനപത്രത്തിന്റെ മുസ്ലീം പ്രിന്റിങ് ആന്റ് പബ്ലിഷിംഗ് കമ്പനിയുടെ അക്കൗണ്ടിലേക്ക് ശ്രോതസ് വെളിപ്പെടുത്താതെ 4.5 കോടി രൂപ നിക്ഷേപിച്ചിരുന്നെന്നും ഇതില്‍ 1.2 കോടി രൂപ പ്രധാന് മന്ത്രി ഗരീബ് കല്ല്യാണ്‍ ഡെപ്പോസിറ്റ് സ്കീമില്‍ 2016 ലാണ് നിക്ഷേപിച്ചതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തളളിക്കൊണ്ടുളള സിംഗിള്‍ ബെഞ്ചിന്റെ വിധിയിലാണ് ഇക്കാര്യം പറയുന്നത്.
ഗരീബ് കല്ല്യാണ്‍ സ്കീമിലെ തുക അടുത്ത മാര്‍ച്ച് 30 ന് തിരിച്ചുകിട്ടുമെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി ബോധിപ്പിച്ചിരുന്നു. 2017 ഫെബ്രുവരി 24 വരെ മുസ്ലീം പ്രിന്റിങ് ആന്റ് പബ്ലിഷിംഗ് കമ്പനിയുമായി ബന്ധവും ഉണ്ടായിരുന്നില്ലെന്നും ഈ കാലത്ത് നിക്ഷേപിച്ച പണത്തിന് ഉത്തരവാദിയല്ലെന്നുമായിരുന്നു ഇബ്രഹിം കുഞ്ഞിന്റെ വാദം.
ഫ്ളൈ ഓവര്‍ നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയതില്‍ ലഭിച്ച കോഴയും ഈ തുകയുമായി ബന്ധമുണ്ട് , മുസ്ലീം പ്രിന്റിങ് ആന്റ് പബ്ലിഷിംഗ് കമ്പനിയില്‍ 10 കോടി രൂപ നിക്ഷേപിച്ചു, ഇന്‍കം ടാക്സ് നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് പിഴയടച്ച് നടപടികളില്‍ നിന്നൊഴിവായി, ടെണ്ടറിന് മുമ്പ് മസ്ക്കറ്റ് ഹോട്ടലില്‍ വെച്ച് ഗൂഡാലോചന നടത്തി. മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്കിയതിനാല് 51.37 ലക്ഷം രൂപ നഷ്ടമുണ്ടായി , റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പ്പറേഷന് എംഡി മുഹമ്മദ് ഹനീഷിന്റെ പണം നല്‍കാനുളള ശുപാര്‍ശയിലും, റോഡ് ഫണ്ട് ബോര്‍ഡ് പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന് നല്കിയ അരേക്ഷയുടെ അടിസ്ഥാനത്തിലും ഇബാഹിം കുഞ്ഞിന്റെ നിര്‍ദ്ദേശ പ്രകാരം പണം അനുവദിച്ച് ഉത്തരവിറക്കി എന്നിവയാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുളള ആരോപണങ്ങള്‍

