ഭോപ്പാൽ: ശൂദ്രനെ ശൂദ്രനെന്ന് വിളിച്ചാൽ എന്തുകൊണ്ടാണ് അവർക്കത് മോശമായി തോന്നുന്നത് എന്ന് ജാതീയ പരാമർശം നടത്തി ബി.ജെ.പി എം പി പ്രഗ്യാ സിംഗ് താക്കൂർ. മധ്യപ്രദേശിലെ ഭോപ്പാലിൽ ഒരു പൊതുപരിപാടിയിൽ വെച്ചാണ് പ്രഗ്യാ സിംഗ് താക്കൂറിൻ്റെ വിവാദ പ്രസംഗം
“ഒരു ക്ഷത്രിയനെ ക്ഷത്രിയനെന്ന് നമ്മൾ വിളിച്ചാൽ അവരത് മോശമായി എടുക്കില്ല. ഒരു ബ്രാഹ്മണനെ ബ്രഹ്മണനെന്ന് വിളിച്ചാൽ അവരും അത് മോശമായി എടുക്കില്ല. വൈശ്യനെ വൈശ്യനെന്ന വിളിച്ചാൽ അവർക്കും അത് പ്രശ്നമല്ല. പക്ഷെ ഒരു ശൂദ്രനെ ശൂദ്രനെന്ന് വിളിച്ചാൽ അവർക്കത് മോശമായി തോന്നുന്നു. ഇതിന് കാരണം എന്താണ്? കാരണം, അവർക്കത് മനസ്സിലാകുന്നില്ല” എന്നാണ് ബി.ജെ.പി എംപി പൊതുവേദിയിൽ വെച്ച് പറഞ്ഞത്.
ഇത്തരം വേർതിരിവുകൾക്ക് കാരണം ചാതുർവർണ്യമാണെന്നും ചാതുർവർണ്യത്തിൻ്റെ കീഴിലാണ് ഹിന്ദുക്കൾ എന്നും അവർ പറഞ്ഞു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബി.ജെ.പി വിജയിക്കുമെന്നും അതോടെ ബംഗാൾ ഒരു ‘ഹിന്ദു രാജ്’ ആകുമെന്നും, പ്രഗ്യാ സിംഗ് താക്കൂർ കഴിഞ്ഞ ദിവസം മറ്റൊരു വിവാദ പരാമർശം നടത്തിയിരുന്നു.വാർത്ത ഏജൻസിയായ എ.എൻ.ഐ ഇതുസംബന്ധിച്ച വീഡിയോ പുറത്തുവിട്ടു.

