തിരുവനന്തപുരം: പിടിപെടുമെന്നായപ്പോള് പ്രതി തൊണ്ടി മുതല്‍ വിഴുങ്ങി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ കാര്യമല്ല പറയുന്നത്. തമ്പനൂര്‍ ബസ്റ്റാന്റിലാണ് സംഭവം. ബസ് കയറാന്‍ കാത്തുനിന്നിരുന്ന വീട്ടമ്മയുടെ ചുമലില്‍ ഉറങ്ങി കിടന്നിരുന്ന മൂന്നുവയസുകാരിയുടെ നാലര ഗ്രാം വരുന്ന സ്വര്‍ണ്ണ പാദസരമാണ് മോഷ്ടാവ് വിഴുങ്ങിയത്. പൂന്തുറ പളളിത്തെരുവിലെ മുഹമ്മദ് ഷെഫീക്ക് (42)ആണ് പ്രതി.
പാലക്കാടുനിന്നെത്തി സ്വന്തം വീട്ടിലേക്ക് പോകാനായി ബസ് കാത്തുനിന്ന അദ്ധ്യാപക ദമ്പതിമാരായ അജികുമാറിന്റെയും മിനിയടേയും മകളുടെ പാദസരമാണ് മോഷ്ടിക്കപ്പെട്ടത്. ഇത് കണ്ട മാതാ പിതാക്കളും മറ്റുളളവരും ബഹളം വച്ചതോടെ ഷെഫീക്ക് ഓടിയകന്നു. യാത്രക്കാരും പോലീസും ചേര്‍ന്ന് പിന്നാലെ ഓടി ഇയാളെ പിടികൂടുകയായിരുന്നു.
അപ്പോഴേക്കും പാദസരം ഇയാള്‍ വിഴുങ്ങിയിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് വയറിന്റെ എകസ്റേ എടുക്കുകയും തൊണ്ടിമുതല്‍ വയറ്റില്‍ കണ്ടെത്തുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തൊണ്ടിമുതല്‍ പുറത്തുവരുന്നതും കാത്ത് രണ്ടുദിവസമായി ആശുപത്രിയില്‍ കാത്തിരിക്കുകയാണ് പോലീസ്

