നദ്ദ വിഷയത്തില്‍ കൊമ്പ് കോര്‍ത്ത് കേന്ദ്രവും ബംഗാളും: മൂന്ന് ഐ.പി.എസ്. ഓഫീസര്‍മാരെ തിരിച്ചുവിളിച്ച് കേന്ദ്രം, പറ്റില്ലെന്ന് ബംഗാള്‍

കൊല്‍ക്കത്ത: ബി.ജെ.പി. അധ്യക്ഷന്‍ ജെ പി നദ്ദയുടെ കോണ്‍വോയ്ക്കു നേരേയുണ്ടായ ആക്രമണത്തില്‍ കേന്ദ്രവും ബംഗാളും തമ്മിലുള്ള കൊമ്പ് കോര്‍ക്കല്‍ തുടരുന്നു. നദ്ദയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്ന് ഐ.പി.എസ്. ഓഫീസര്‍മാരെ കേന്ദ്രം തിരിച്ചുവിളിച്ചതാണ് പുതിയ നീക്കം. രാജീവ് മിശ്ര, പ്രവീണ്‍ കുമാര്‍, ഭോല നാഥ് പാണ്ഡേ എന്നീ മൂന്ന് ഐ.പി.എസുകാരെയാണ് കേന്ദ്ര സര്‍വീസിനായി ആഭ്യന്തരമന്ത്രാലയം തിരിച്ചുവിളിച്ചത്. ആക്രമണത്തില്‍ ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും കേന്ദ്രം വിളിപ്പിച്ചിരുന്നു. എന്നാല്‍ കത്തിലൂടെ ആശയവിനിമയം നടത്തിയ ബംഗാള്‍ സര്‍ക്കാര്‍ നേരിട്ട് എത്തിയില്ല. ഇതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്. എന്നാല്‍ ഐ.പി.എസ്. ഓഫീസര്‍മാരെ തിരിച്ചുവിളിച്ച കേന്ദ്രനീക്കം പശ്ചിമബംഗാളില്‍ അടിയന്തിരാവസ്ഥ ലക്ഷ്യമിട്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ തന്നെ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും അതിനാല്‍ ഇവരെ തിരികെ വിളിക്കാന്‍ പാടില്ലെന്നും മമത സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം,ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്നതാണ് ആഭ്യന്തരമന്ത്രാലയ നീക്കമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തില്‍ തൃണമൂല്‍ എം.പി. കല്യാണ്‍ ബാനര്‍ജി കുറ്റപ്പെടുത്തി. മന്ത്രി അമിത് ഷായെ പരോക്ഷമായി വിമര്‍ശിച്ചാണ് കത്ത്.ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും വിളിപ്പിച്ചിരിക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കമാണെന്നും കല്യാണ്‍ പറഞ്ഞു. നേരത്തെ,സംസ്ഥാനത്ത് സ്ഥിതിഗതികള്‍ അത്യന്തം വഷളാണെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ദങ്കാര്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് വിശദീകരണം തേടി ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും ആഭ്യന്തരമന്ത്രാലയം വിളിപ്പിച്ചു. നാളെ നേരിട്ടു ഹാജരായി ക്രമസമാധാന നില അറിയിക്കാനാണ് നിര്‍ദേശം. ഇതോടെയാണ് ഭരണകക്ഷിയായ തൃണമൂല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരേ ആഞ്ഞടിക്കുന്നത്.മമതാ ബാനര്‍ജി സര്‍ക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനത്തു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബി.ജെ.പി. നേതാക്കള്‍ രംഗത്തുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →