തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ കേസിൽ കുടുക്കാൻ ശ്രമിക്കുന്നത് ബോധപൂർവമാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. അസുഖ ബാധിതനായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്. രവീന്ദ്രന്‍ വിശ്വസ്തനും സത്യസന്ധനുമായ ഉദ്യോഗസ്ഥനാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
സ്വര്‍ണകടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെ സിഎം രവീന്ദ്രനെ ചൊവ്വാഴ്ച (08/12/2020) വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കടകംപള്ളിയുടെ പ്രതികരണം.
മൂന്നല്ല മുപ്പതു പ്രാവശ്യം നോട്ടീസ് നല്‍കിയാലും അസുഖമാണെങ്കില്‍ ചികിത്സിച്ചേ പറ്റൂവെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലാകുമെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

