ഹൈദരാബാദില്‍ ടിആര്‍എസ്സിന് മികച്ച മുന്നേറ്റം, ഒവൈസിയുടെ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് മൂന്നാം സ്ഥാനത്ത് ബി ജെ പി

ഹൈദരാബാദ്: ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വെള്ളിയാഴ്ച(04/12/20) രാവിലെ മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഭരണകക്ഷിയായ ടിആര്‍എസാണ് മുന്നേറുന്നത്. 71 സീറ്റുകളിലാണ് ടിആര്‍എസ് ലീഡ് ചെയ്യുന്നത്. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 37 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 33 സീറ്റുകളില്‍ ബിജെപിയും മൂന്നു സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നുണ്ട്. നേരത്തേ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതില്‍ ബിജെപിയായിരുന്നു മുന്നില്‍. 26-ാം നമ്പര്‍ വാര്‍ഡിലെ 69ാം പോളിംഗ് സ്റ്റേഷനില്‍ ബാലറ്റ് പേപ്പറില്‍ അച്ചടി പിശക് കണ്ടെത്തിയതിനെതുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കി.

നഗരത്തിലെ 30 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ തുടരുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പകരം ബാലറ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ഫലം പൂര്‍ണ്ണമായി പുറത്തുവരുമ്പോള്‍ വൈകും. ചൊവ്വാഴ്ച(01/12/20) വോട്ടെടുപ്പില്‍ 74.67 ലക്ഷം സമ്മതിദായകരില്‍ 34.50 ലക്ഷം പേര്‍ (46.55 ശതമാനം) മാത്രമാണ് വോട്ടുചെയ്തത്. 150 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 2016ല്‍ ടി.ആര്‍.എസ്. 99 സീറ്റുകളിലും ഒവൈസിയുടെ എ.ഐ.എം.ഐ.എം 44 ഉം ബിജെപി നാല് സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്. ടി.ഡി.പി ഒരിടത്തും കോണ്‍ഗ്രസ് രണ്ടിടങ്ങളിലും ജയിച്ചിരുന്നു.

2023 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മത്സരമായതിനാല്‍ ഏറെ പ്രാധാന്യത്തോടെയാണ് പാര്‍ട്ടികള്‍ ഫലത്തെ നോക്കികാണുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →