കൊച്ചി: സ്വപ്ന സുരേഷിന്റെ ലോക്കറില്‍ ഉണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിനുള്ള കമ്മീഷനാണെന്ന് ഇ ഡി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ എതിര്‍ത്ത് നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഇഡി വ്യക്തമാക്കിയത്. സ്വപ്നയുടെ ആവശ്യ പ്രകാരം ശിവശങ്കര്‍ മൂന്ന് നാല് തവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ട്. നയതന്ത്ര പാഴ്സല്‍ വിട്ടുകിട്ടാനാണ് ശിവശങ്കർ ഇടപെട്ടത്. ഇതു പ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥനെയും ക്ലിയറിങ് ഏജന്റിനെയും ചോദ്യം ചെയ്തു എന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. 3 -12-2020 വ്യാഴാഴ്ച കോടതി ഹർജി പരിഗണിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. 102 പേജുള്ള റിപ്പോര്‍ട്ടിലാണ് വിശദീകരണം.
ലോക്കര്‍ തുറന്നത് കള്ളപ്പണം സൂക്ഷിക്കാന്‍ വേണ്ടി മാത്രമാണ് എന്നും ഇഡി പറഞ്ഞു. ലോക്കറിലെ ഒരു കോടി രൂപ ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തില്‍ നിന്ന് കിട്ടിയ കമ്മീഷനാണെന്നാണ് എന്‍ഐഎ പറയുന്നത്. പക്ഷേ ഇത് ലൈഫ് മിഷന് കമ്മീഷന് ആണെന്നാണ് ഇഡി റിപ്പോര്‍ട്ട്.

