കാസര്‍കോട്: ചെമ്പരിക്ക ഖാസി അബ്ദുളള മൗലവിയുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം പ്രഹസനമെന്ന് കുടുംബം. ആത്മഹത്യയാണെന്ന് പത്തുവര്‍ഷമായി റിപ്പോര്‍ട്ടുനല്‍കിയ സിബിഐ ആത്മഹത്യയല്ലെന്ന് സൈക്കോളജിക്കല്‍ ഓട്ടോപ്‌സി റിപ്പോര്‍ട്ടുവന്നതോടെ വെട്ടിലായി. തെളിവുകളില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനാനുളള സിബിഐ നീക്കത്തി നെതിരെ നിയമ പോരാട്ടത്തിലാണ് കുടുംബം.
2020 ഫെബ്രുവരി 15നാണ് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലം സംസ്ഥാന അദ്ധ്യക്ഷനും ചെമ്പരിക്ക ഖാസിയുമായിരുന്ന സിഎം അബ്ദുല്ല മൗലവിയെ ചെമ്പരിക്ക കടുക്കക്കല്ല് കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബി ഐ ഏറ്റെടുക്കുകയായിരുന്നു.
എറണാകുളം സിജെഎം കോടതിയില്‍ ആത്മഹത്യയാണെന്ന് 2 തവണ സിബിഐ നല്‍കിയ റിപ്പോര്‍കളും കോടതി തളളി. പുനരന്വേഷണത്തിന് ഉത്തരവിട്ടു. സൈക്കോളജി ഓട്ടോപ്‌സി അഥവാ അടുത്ത് പരിചയമുളളവരുമായി സംസാരിച്ച് മരിച്ചയാളുടെ മനോനില മനസിലാക്കുന്ന രീതി ഉപയോഗിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. പുതുച്ചേരി ജിപ്‌മറിലെ മനോവിദഗ്‌ധര്‍ അന്വേഷണം നടത്തി കഴിഞ്ഞ നവംബര്‍ ഏഴിന് സിബിഐക്ക് റിപ്പോര്‍ട്ട് നല്‍കി. സിബിഐയുടെ മുന്‍വാദങ്ങളെല്ലാം തളളുന്നതായിരുന്നു ജിപ്‌മര്‍ റിപ്പോര്‍ട്ട്. മൗലവി ആത്മഹത്യ ചെയ്യാനുളള സാധ്യത വളരെ കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യ ചെയ്യുന്നവരില്‍ മരണദിവസം ഉണ്ടാവുന്ന മനസീകാവസ്ഥ മൗലവിക്കുണ്ടായിട്ടില്ല. ആത്മഹത്യക്ക് മുമ്പുളള മനഃശാസ്‌ത്രപരമായ മുന്നറിയിപ്പുകളുണ്ടായിരുന്നില്ല. മരണം സംഭവിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആത്മ ഹത്യക്കുകാരണമായ ഒന്നും സിബിഐക്ക് കണ്ടെത്താനായില്ല.
ഇതോടെ മലക്കം മറിഞ്ഞ സിബിഐ കൊലപാതകമാണോയെന്നതിന് തെളിവില്ലെന്നു കാട്ടി കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ടുനല്‍കി. എഫ്‌ഐആര്‍ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേസ് ഡിസംബര്‍ 4ന് വീണ്ടും പരിഗണിക്കും.

