കോവിഡ് സമയത്തെ സാങ്കേതിക ആശ്രയം പുതിയ അസമത്വത്തിലേക്ക് നയിച്ചതായി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: കോവിഡ് സമയത്തെ സാങ്കേതിക ആശ്രയം രാജ്യത്തെ പുതിയ അസമത്വത്തിലേക്ക് നയിച്ചതായി ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എസ്എ ബോബ്‌ഡെ. നീതി നിര്‍വഹണം പോലും സാങ്കേതികവിദ്യയെ ആശ്രയിച്ചിരിക്കുന്നത് സാധാരണക്കാര്‍ക്ക് തടസ്സമില്ലാത്ത നീതി ലഭ്യമാക്കുന്നതില്‍ ഏറ്റവും വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഭരണഘടന ദിനത്തോടനുബന്ധിച്ച് സുപ്രീം കോടതി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിജെഐ. രാഷ്ട്രപതി രാം നാഥ് കോവിന്ദും നിയമമന്ത്രി രവിശങ്കര്‍ പ്രസാദും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

അതേസമയം, ഭരണഘടനാ സ്ഥാപനങ്ങള്‍ നേരിടുന്ന അടിസ്ഥാനരഹിതമായ വിമര്‍ശനത്തെക്കുറിച്ചാണ് സ്വാഗത പ്രസംഗത്തില്‍, സുപ്രീം കോടതിയിലെ രണ്ടാമത്തെ ഏറ്റവും മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എന്‍ വി രമണ സംസാരിച്ചത്. നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരെ അന്യായവും അടിസ്ഥാനരഹിതവുമായ വിമര്‍ശനത്തിന്റെ പ്രവണതയുണ്ട്. അത്തരം വിമര്‍ശനങ്ങള്‍ ജനാധിപത്യത്തിന്റെ അടിത്തറയെ ദോഷകരമായി ബാധിക്കുന്നു. അത്തരം വിമര്‍ശനങ്ങളെ നേരിടാന്‍ ഭരണഘടനാഉത്തരവാദിത്വം നിറവേറ്റുന്നതിന് കഠിനമായി പരിശ്രമിക്കുക എന്നതാണ് ഏക മാര്‍ഗം. മറ്റൊന്നും നിയമജ്ഞരെ കടമ ചെയ്യുന്നുന്നതില്‍ നിന്ന് പിന്തിരിപ്പിക്കരുതെന്നും ജസ്റ്റിസ് രമണ പറഞ്ഞു.

”നീതിയെക്കുറിച്ചുള്ള സങ്കല്പം നീതിയിലേക്കുള്ള പ്രവേശനത്തെ സൂചിപ്പിക്കുന്നു.” ഇതനുസരിച്ച്, സുപ്രിംകോടതി അതിന്റെ വിധിന്യായങ്ങള്‍ കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണെന്നാണ് രാഷ്ട്രപതി കോവിന്ദ് പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →