കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ബാങ്കുകളുണ്ടാക്കാന്‍ അനുമതി: ഭിന്നാഭിപ്രായങ്ങളുമായി കോര്‍പറേറ്റ്-ബാങ്കിങ് മേഖലാ വിദഗ്ധര്‍

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ബാങ്കുകളുണ്ടാക്കാന്‍ അനുമതി നല്‍കാമെന്ന ശുപാര്‍ശയെ എതിര്‍ത്ത് വിദഗ്ധര്‍. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ബാങ്കിങ് മേഖലയിലുള്ള ഇടപെടലിന് അതി ശക്തമായ മേല്‍നോട്ടം ആവശ്യമാണെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.ബാങ്കിങ് റെഗുലേഷന്‍ ആക്ടില്‍ ആവശ്യമായ ഭേദഗതി വരുത്തി, വന്‍കിട വ്യവസായ ഗ്രൂപ്പുകള്‍ക്കും ബാങ്കുകള്‍ ആരംഭിക്കാമെന്നതടക്കമുള്ള ശുപാര്‍ശകള്‍ റിസര്‍വ് ബാങ്കിന്റെ ഇന്റേണല്‍ വര്‍ക്കിങ് ഗ്രൂപ്പ് കൊണ്ടുവന്നത് കഴിഞ്ഞയാഴ്ചയാണ്. ഇതിനെതിരെയാണ് സാമ്പത്തിക വിദഗ്ധര്‍ രംഗത്തെത്തിയത്.കടമെടുക്കുന്നയാള്‍ തന്നെ വായ്പ കൊടുക്കുന്നയാളുമായാല്‍ എങ്ങനെ ശരിയാവും. എല്ലാ സങ്കേതങ്ങളും സാമ്പത്തിക മേഖലയില്‍ മികച്ച അറിവുമുണ്ടായിട്ടും റിസര്‍വ് ബാങ്കിന് ധനകാര്യ രംഗത്തെ മുഴുവന്‍ ചലനങ്ങളും അറിയാന്‍ സാധിക്കാത്ത സാഹചര്യമുണ്ടെന്നുമാണ് ഇവര്‍ ചൂണ്ടികാട്ടുന്നത്.

തീരുമാനം ഞെട്ടിക്കുന്നതെന്നാണ് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും മുന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യയും പ്രതികരിച്ചത്. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ബാങ്കിങ് മേഖലയിലുള്ള ഇടപെടലിന് ഇപ്പോഴുള്ള നിയന്ത്രണം തുടരുന്നതാണ് ഈ സാഹചര്യത്തില്‍ അത്യാവശ്യമെന്നും ഇരുവരും പേറയുന്നു.കോര്‍പറേറ്റുകള്‍ക്ക് വായ്പകള്‍ അടക്കമുള്ള ബാങ്കിങ് സേവനങ്ങള്‍ നടത്താന്‍ അനുമതി ലഭിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ ശക്തി ചില കോര്‍പറേറ്റ് സ്ഥാപനങ്ങളിലേക്കു കേന്ദ്രീകരിക്കപ്പെടാന്‍ കാരണമാകുമെന്നും രഘുറാം രാജനും വിരാള്‍ ആചാര്യയും വിലയിരുത്തുന്നു.

”സാമ്പത്തിക മേഖലയിലെ വളര്‍ച്ചയ്ക്ക് കൂടുതല്‍ ബാങ്കുകള്‍ ആവശ്യമുണ്ട്. ഒരുപക്ഷേ കോര്‍പ്പറേറ്റുകള്‍ ഒഴികെയുള്ളവര്‍ക്ക് ബാങ്ക് ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. ആ അര്‍ത്ഥത്തില്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് അല്ലെങ്കില്‍ കോര്‍പ്പറേറ്റ് ഇതര സ്ഥാപനങ്ങള്‍ക്ക് ഒരുമിച്ച് ലൈസന്‍സ് നേടി പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നത് നല്ലതാണ്’ എന്നാണ് ബന്ദന്‍ ബാങ്കിന്റെ എംഡിയും സിഇഒയുമായ ചന്ദ്ര ശേഖര്‍ ഘോഷ് പറഞ്ഞത്.

കോര്‍പ്പറേറ്റ് ബാങ്കിംഗ് മേഖലയിലേക്ക് പ്രവേശിക്കുന്നതിനെ അദ്ദേഹം അനുകൂലിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഇവൈ ഇന്ത്യയുടെ പങ്കാളിയായ അബിസര്‍ ദിവാന്‍ജി പറഞ്ഞത് ഉണ്ടെന്നാണ്. എന്നാല്‍ അതിന് അനുയോജ്യവും ഉചിതവും നിര്‍ബന്ധിതവുമായ മാനദണ്ഡങ്ങള്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിസര്‍വ് ബാങ്ക് വര്‍ക്കിംഗ് ഗ്രൂപ്പ് സമിതിയിലെ വിദഗ്ധരില്‍ ഒരാളാണ് ദിവാന്‍ജിയും.

അതേസമയം പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരില്‍ ഒരാള്‍ പറഞ്ഞത് ഇങ്ങനെയാണ്, കോര്‍പ്പറേറ്റ് പ്രവേശനം ഇതുവരെ തടഞ്ഞതിന്റെ കാരണങ്ങള്‍ വ്യക്തമാണ്. അന്ന് റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. ഇപ്പോള്‍ ഈ ആശയം എവിടെ നിന്ന് വന്നുവെന്ന് വ്യക്തമല്ല. സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്തും റിസര്‍വ് ബാങ്ക് നടപ്പാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് ഒരു പ്രാഥമിക നിര്‍ദ്ദേശം മാത്രമാണ്. റിസര്‍വ് ബാങ്ക് അന്തിമ തീരുമാനം എടുക്കേണ്ടിവരുമെന്നും ബാങ്കിംഗ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബാങ്കിംഗ് മേഖലയില്‍ സജീവമായിരുന്നു. 1960 കളില്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിക്കപ്പെടുന്നതുവരെ, എന്നാല്‍ അന്ന് വായ്പയും നിക്ഷേപകരുടെ പണവും ദുരുപയോഗം ചെയ്തുവെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍മാര്‍ കഴിഞ്ഞ 20 വര്‍ഷമായി കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ബാങ്കിങ് പ്രവേശനത്തിനെതിരായി നിന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

എന്തുകൊണ്ട് പാടില്ലെന്നാണ് വിഷയത്തില്‍ ഫോബ്സ് മാര്‍ഷലിന്റെ സഹ ചെയര്‍മാനും സിഐഐ മുന്‍ പ്രസിഡന്റുമായ നൗഷാദ് ഫോര്‍ബ്‌സ് ചോദിക്കുന്നത്.നല്ല ബിസിനസുകാര്‍ നല്ല ബാങ്കുകള്‍ സൃഷ്ടിച്ചാല്‍ രാജ്യത്തിന് നേട്ടമുണ്ടാകും. എന്നാല്‍ ബാങ്കിംഗും മറ്റ് ബിസിനസ്സുകളും തമ്മില്‍ വളരെ വ്യക്തവും മൂര്‍ച്ചയുള്ളതുമായ അതിര്‍ത്തി രേഖ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →