ന്യൂഡല്‍ഹി: കൊറോണ മരുന്നുകളുടെയും വാക്സിനുകളുടെയും നിര്‍മ്മാണവും ഇറക്കുമതിയും സുഗമമാക്കുന്നതിന് ബൗധിക സ്വത്തവകാശ നിയമങ്ങള്‍ എടുത്തുകളണമെന്ന് ലോക വ്യാപാര സംഘടനയോടുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ പിന്തുണച്ച് ചൈനയും പാകിസ്ഥാനും. എന്നാല്‍ യുഎസും യൂറോപ്യന്‍ യൂണിയനും ഇതിനെ എതിര്‍ത്തു. വ്യാപാരവുമായി ബന്ധപ്പെട്ട ബൗധിക സ്വത്തവകാശ നിയമത്തിലെ പേറ്റന്റ്, ട്രേഡ് മാര്‍ക്കുകള്‍, കോപ്പിറൈറ്റ് എന്നിവയെ നിയന്ത്രിക്കുന്ന ഭാഗങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് ഇന്ത്യ പറഞ്ഞിരിക്കുന്നത്.
വളരെ ഗുരുതരമായി ബാധിച്ചിരിക്കുന്ന കൊറോണ മഹാമാരിക്കെതിരെയുള്ള വാക്സിന് ലഭിക്കാന്‍ പേറ്റന്റ് ഉള്‍പ്പെടെയുള്ള ബൗധിക സ്വത്തവകാശങ്ങള്‍ മരുന്നുകളുടെ സുഗമമായ ലഭ്യതയ്ക്ക് തടസ്സം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി, എത്രയും പെട്ടെന്ന് അവ ഇല്ലാതാക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നാണ് ജനീവ ആസ്ഥാനമായ ലോകവ്യാപാര സംഘടനയുടെ ജനറല്‍ കൗണ്‍സിലിനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളത്.ഡബ്ല്യുടിഒ ഇളവ് പുറപ്പെടുവിക്കുകയാണെങ്കില്‍, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് ലോക വ്യാപാര നിയമങ്ങള്‍ അവഗണിക്കാനും, കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ നിര്‍മ്മിക്കാനും, വിതരണം ചെയ്യാനും കഴിയും.

