ന്യൂഡല്‍ഹി: 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ബിജെപി. ദേശീയ തലത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താനായി നൂറ് ദിവസത്തെ രാജ്യ പര്യടനത്തിന് തയാറെടുത്തിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. രാഷ്ട്രീയ വിസ്രിത് പ്രവാസ് യാത്ര എന്നാണ് ഇതിന്റെ പേര്. 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കാത്ത സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. എ, ബി, സി, ഡി എന്നിങ്ങനെ സംസ്ഥാനങ്ങളെ നാലായി വേര്‍തിരിച്ചാകും പര്യടനം. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളാണ് എ വിഭാഗത്തില്‍. ബിജെപി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളാണ് ബി വിഭാഗത്തില്‍. സി വിഭാഗത്തില്‍ ലക്ഷദ്വീപ്, മേഘാലയ പോലുള്ള ചെറിയ സംസ്ഥാനങ്ങളാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഡി വിഭാഗത്തില്‍.
ഓരോ സംസ്ഥാനങ്ങളിലേയും ബിജെപി ജനപ്രതിനിധികളുടെ യോഗം നദ്ദ വിളിച്ചുചേര്‍ക്കും. സഖ്യസാധ്യതകള്‍ ചര്‍ച്ച ചെയ്യും. ബിജെപി സര്‍ക്കാരുകളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. പൊതുസമൂഹത്തില്‍ സ്വാധീനമുള്ള വിവിധ ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തും. പാര്‍ട്ടിയുടെ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുക, പുതിയ സഖ്യ സാധ്യതകള്‍ വിലയിരുത്തുക, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിഛായ മെച്ചപ്പെടുത്തുക, സ്വാധീന ശക്തികളുമായി ചര്‍ച്ച നടത്തുക, പാര്‍ട്ടി പ്രത്യയശാസ്ത്രത്തില്‍ വ്യക്തത വരുത്തുക, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയും സഖ്യകക്ഷി നേതാക്കളെയും സന്ദര്‍ശിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും അദ്ദേഹത്തിന്റെ നൂറ് ദിവസത്തെ ദേശീയ പര്യടനത്തിനുണ്ട്.

