കണ്ണൂര്‍: പയ്യന്നൂര്‍ അമാന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നരക്കോടിയിലേറെ രൂപ നഷ്ടപ്പെട്ടതായി പരാതി ലഭിച്ചെന്ന് പൊലീസ്. ഇതു വരെ പണവും സ്വര്‍ണ്ണവും നഷ്ടപ്പെട്ടെന്ന 15 പരാതികളാണ് ലഭിച്ചത്. കൂടുതൽ പരാതികൾ ലഭിക്കുമെന്ന് വഞ്ചിക്കപ്പെട്ട ഉപഭോക്താക്കൾ അറിയിച്ചതായി പോലീസ് പറഞ്ഞു. ഗള്‍ഫിലുള്ള ജ്വല്ലറി ഡയറക്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.
പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റ് സമീപത്ത് പ്രവര്‍ത്തിച്ച അമാന്‍ ഗോള്‍ഡിനെതിരെയാണ് നിക്ഷേപ തട്ടിപ്പ് പരാതി. ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ പി.കെ. മൊയ്തു ഹാജിക്കെതിരെ വഞ്ചനാ കുറ്റത്തിനാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.
ഓരോ മാസവും ഒരു ലക്ഷത്തിന് ആയിരം രൂപ നിരക്കില്‍ ഡിവിഡന്റ് തരാമെന്നും മൂന്ന് മാസം മുന്‍പ് അറിയിച്ചാല്‍ നിക്ഷേപം തിരികെ തരാമെന്നുമുള്ള വ്യവസ്ഥയിൽ പണം തട്ടിക്കുകയായിരുന്നു. 2016 മുതല്‍ 2019 വരെയാണ് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതി ഉയര്‍ന്നത്.
ഒളിവിലായ ജ്വല്ലറി എംഡി മൊയ്തു ഹാജി ജ്വല്ലറി മാനേജറും ഡയറക്ടറുമായിരുന്ന നിസാറാണ് തട്ടിപ്പ് നടത്തിയതെന്ന് നേരത്തെ ആരോപിച്ചിരുന്നു. നിസാർ തട്ടിപ്പിലൂടെ നേടിയ പണമുപയോഗിച്ച് ദുബായിൽ ബിസിനസ് നടത്തുകയാണ് നിസാറെന്നും മൊയ്തു ഹാജി ആരോപണമുന്നയിച്ചിരുന്നു.