ഇസ്ലാമാബാദ്: പാകിസ്താന് സൈന്യത്തിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം ഷെരീഫ്. തന്നെ തടവിലിട്ട സൈന്യം തന്റെ സെല്ലിലും ബാത്ത്റൂമിലും ക്യാമറകൾ സ്ഥാപിച്ചിരുന്നു എന്നാണ് പാകിസ്ഥാൻ മുസ്ലിം ലീഗ്- നവാസ് വൈസ് പ്രസിഡന്റ് കൂടിയായ മറിയം നവാസ് ഷെരീഫ് പറയുന്നത്. കഴിഞ്ഞ വർഷം ചൗധരി പഞ്ചസാര മിൽസ് കേസിൽ അറസ്റ്റിലായ ശേഷം ജയിലിൽ കിടന്നപ്പോൾ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് അടുത്തിടെ നടത്തിയ അഭിമുഖത്തിൽ മറിയം നവാസ് ഷെറീഫ് വെളിപ്പെടുത്തിയത്.
“ഞാൻ രണ്ടുതവണ ജയിലിൽ പോയിട്ടുണ്ട്. ഒരു സ്ത്രീ എന്ന ജയിലിൽ എങ്ങനെ പെരുമാറി എന്നതിനെക്കുറിച്ച് സംസാരിച്ചാൽ അവർക്ക് മുഖം കാണിക്കാനുള്ള ധൈര്യം ഉണ്ടാകില്ല,” പാക്കിസ്ഥാൻ ഗവൺമെന്റിനെ കുറിച്ച് മറിയം പറഞ്ഞു.
ഇത്തരം അനുഭവങ്ങള്‍ ഒരിക്കലും മറച്ചുവെക്കേണ്ടതല്ല. തന്നെ ചൂഷണം ചെയ്തെന്ന് തുറന്നു പറയാന്‍ മടിയില്ല. കാരണം തനിക്ക് നേരിടേണ്ടി വന്നത് ഇത്തരം അനുഭവങ്ങളാണെങ്കില്‍ ജയിലുകളില്‍ കഴിയുന്ന സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ എന്നും ഇമ്രാന് ഖാന് അധികാരത്തിലിരിക്കുന്നിടത്തോളം കാലം പാകിസ്താനില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും മറിയം കൂട്ടിച്ചേര്‍ത്തു.

