തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍നിന്ന് കണ്ടെത്തിയ പണം കൈക്കൂലിയായി ലഭിച്ചതാണെന്ന് വിജിലൻസ്. നേരത്തെ ഇഡി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സ്വപ്നയുടെ മൊഴി അനുസരിച്ചാണ് വിജിലൻസിന്റെ സ്ഥിരീകരണം. ഇതോടെ എം. ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിജിലന്‍സ് നടപടി തുടങ്ങി.
കൈക്കൂലിയായി ലഭിച്ച തുകയാണ് സ്വപ്ന ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്നതെന്നാണ് കണ്ടെത്തൽ. ചാര്‍ട്ടഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി ചേര്‍ന്നാണ് ലോക്കര്‍ കൈകാര്യം ചെയ്തിരുന്നത്. ഇത് ആർക്കെങ്കിലും കൈമാറാനാണോ എന്ന് വ്യക്തമല്ല.
പണമിടപാട് സംബന്ധിച്ച കാര്യങ്ങള്‍ എം. ശിവശങ്കറിന് അറിയാമായിരുന്നെന്നും
സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ വടക്കാഞ്ചേരി ലൈഫ്മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍മാണ കരാര്‍ ലഭിച്ച യൂനിടാക്കില്നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് വ്യക്തമാകുകയാണ്. ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് ഉടന്‍ കോടതിയെ സമീപിക്കും.
ക്ഷണിക്കപ്പെട്ട അതിഥികൾക്ക് നൽകാനുള്ളഐ ഫോണ്‍ വാങ്ങിയതു തന്നെ കൈക്കൂലിയായാണ്. കൂടാതെ പണവും വാങ്ങി. കമ്മീഷനായാണ് പണം ലഭിച്ചത് എന്ന് വിജിലൻസ് സ്ഥിരീകരിക്കുന്നു. ഇക്കാര്യം ജയിലിൽ ചെന്ന് സ്വപ്നയെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായതായി വിജിലൻസ് പറയുന്നു.

