തിരുവനന്തപുരം: ബാര്‍കോഴ ഇടപാടില്‍ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.
ഇതുസംബന്ധിച്ച ഫയല്‍ വിജിലന്‍സ് ഗവര്‍ണര്‍ക്ക് സമർപ്പിച്ചു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുളളവര്‍ അന്വേഷണ പരിധിയില്‍ വരുന്നതിനാല്‍ അന്വേഷണത്തിന് അനുമതി തേടി. വിജിലന്‍സിന്റെ ചുമതലയുളള സെക്രട്ടറി സഞ്ജയ് കൗൾ ആണ്ഫയല് ഗവര്‍ണര്‍ക്ക് കൈമാറിയത്.
മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കെതിരെയുളള അന്വേഷണത്തിന്
അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയനുസരിച്ച് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് തീരുമാനം വൈകുന്നതെന്നാണ് വിവരം.
രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് പണം കൈമാറിയിട്ടുണ്ടെന്നാണ് ബാറുടമ ബിജുരമേശ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്.
ബാര്‍കോഴ ആരോപണത്തിൽ നിന്ന് പിന്മാറാന് ജോസ് കെ. മാണി പത്തുകോടി വാഗ്ദാനം ചെയ്തുവെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടാകില്ലെന്നാണ് വിവരം.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുളള കേസുകളെ കർക്കശമായി സമീപിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്.

