വാഷിംഗ്ടൺ: നാസയുടെ പത്തു വർഷം നീണ്ടു നിന്ന കെപ്ലർ ദൗത്യത്തിലൂടെ ലഭ്യമായ വിവരങ്ങൾ ഒടുവിൽ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിക്കുന്നു. നമ്മുടെ ആകാശഗംഗയിൽ മാത്രം ഭൂമിയെ പോലെ വാസയോഗ്യമായ 30 കോടി ഗ്രഹങ്ങളുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രവചനം.
ആകാശഗംഗയിൽ ഭൂമിക്ക് സമാനമായി ജീവയോഗ്യമായ എത്ര ഗ്രഹങ്ങളുണ്ടാകാമെന്ന ദൗത്യമായിരുന്നു 2009 ൽ നാസ വിക്ഷേപിച്ച ‘കെപ്ലർ ‘ എന്ന ബഹിരാകാശ വാഹനത്തിന് ഉണ്ടായിരുന്നത്. 2018 ഓടെ കെപ്ലർ ദൗത്യം പൂർത്തിയാക്കുകയും നാസ ട്രാൻസ്മിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് (ടെസ്) എന്ന പുതിയ പദ്ധതി ആരംഭിക്കുകയും ചെയ്തു.
ആകാശഗംഗയിലെ 10000 കോടി നക്ഷത്രങ്ങളിൽ 150,000 നക്ഷത്രങ്ങളെ നിരീക്ഷിക്കുകയായിരുന്നു കെപ്ലറുടെ ദൗത്യം. പത്തു വർഷം കൊണ്ട് ഭൂമിക്കു സമാനമായ 4000 ഗ്രഹങ്ങളെ കെപ്ലർ തിരിച്ചറിഞ്ഞു. സൗരസമാനമായ വലിപ്പവും പ്രകാശവുമുള്ള നക്ഷത്രങ്ങളെ ഭൂമിയും സൂര്യനും തമ്മിലുള്ള അതേ അകലത്തിൽ പരിക്രമണം ചെയ്യുന്ന ഗ്രഹങ്ങളാണിവ. ഇത്തരം ഗ്രഹങ്ങളിൽ ദ്രവരൂപത്തിൽ ജലവും ഭൂമിക്കു സമാനമായ അന്തരീക്ഷവും ഉണ്ടാകാമെന്ന് നാസ കരുതുന്നു. ജീവന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല എങ്കിലും, ദ്രാവക രൂപത്തിൽ ജലവും അന്തരീക്ഷവുമുണ്ടായാൽ അത്തരം ഗ്രഹങ്ങളിൽ ജീവനുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

