നാടകരംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ചോറ്റാനിക്കര രുഗ്മിണി ദേവി ഓര്‍മ്മയായി

കൊച്ചി: ആറ് പതിറ്റാണ്ടുകളായി നാടക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ചോറ്റാനിക്കര രുഗ്മിണി ദേവി (75) ഓര്‍മ്മയായി. ചോറ്റാനിക്കര കടുകമംഗലത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച (7/11/2020) രാവിലെ 8 മണിയോടെ വീട്ടുടമ വിവരമറിയച്ചതനുസരിച്ച് പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചശേഷം മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ആറ്റിംഗല്‍ ദേശാഭിമാനി തീയേറ്റേഴ്‌സിലൂടെയാണ് രുഗ്മിണി ദേവി പ്രൊഫഷണല്‍ നാടക രംഗത്തെത്തുന്നത്. തുടര്‍ന്ന് കലാശാല, നാടകശാല , സൂര്യസോമ,വൈക്കം മാളവിക, നാഷണല്‍ തീയേറ്റേഴ്‌സ്, കൊച്ചിന്‍ നാടകവേദി, ആലപ്പി തീയേറ്റേഴ്‌സ് തുടങ്ങിയവയുടെ നാടകങ്ങളിലും വേഷമിട്ടു. സംസ്ഥാന പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ഭര്‍ത്താവിന്‍റെ മരണശേഷം മക്കളുുമായി അകന്ന് കടുക മംഗലത്തെ വാടക വീട്ടില്‍ ഒറ്റക്ക് കഴിയുകയായിരുന്നു. തനിക്ക് സ്വന്തമായൊരു വീടും നിത്യ ചിലവിന് സഹായവും ആവശ്യപ്പെട്ട് കഴിഞ്ഞ സെപ്തംബര്‍ 25ന് കണയന്നൂര്‍ താലൂക്കാഫീസിന് മുമ്പില്‍ പ്ലാക്കാര്‍ഡുമായി സമരത്തിനെത്തിയത് രുഗ്മിണി ദേവിയെ വീണ്ടും വാര്‍ത്തകളില്‍ നിറയാനിടയാക്കി .അതേതുടര്‍ന്ന ജില്ലാകളക്ടര്‍ വീട്ടിലെത്തി 20,000 രൂപയുടെ താല്‍ക്കാലിക സഹായം നല്‍കിയിരുന്നു. ഏതാനം ദിവസങ്ങള്‍ക്കുശേഷം കുറെ ഗൃഹോപകരണങ്ങളും എത്തിച്ചുനല്‍കി. സ്വന്തമായി തനിക്കൊരു കിടപ്പാടം എന്ന ആവശ്യം നിറവേറ്റുന്നതിനുളള നടപടികളുമായി ജില്ലാ കളക്ടര്‍ മുമ്പോട്ടു പോകുന്നതിതിനിടെയാണ് അന്ത്യം സംഭവിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് (8.11.2020)ചോറ്റാനിക്കരയിലെ ഇളയ മകളുടെ വീട്ടില്‍ സംസ്‌ക്കരിക്കും.

ചോറ്റാനിക്കര കാരക്കാട്ട് വീട്ടില്‍ പരേതനായ രാജന്‍ പരമാരയാണ് ഭര്‍ത്താവ്. മക്കള്‍ രാധാകൃഷ്ണന്‍, ശ്രീദേവി, ശ്രീലത, മരുമക്കള്‍ ആനന്ദവല്ലി, സിരേഷ്, ബാബുരാജ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →