കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ
എം സി കമറുദ്ദീനെ അറസ്റ്റ് ചെയ്തു. കാസർകോട് എസ് പി ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിനൊടുവിൽ ശനിയാഴ്ച (07/11/2020) വൈകിട്ട് 4.30 ഓടെയായിരുന്നു അറസ്റ്റ്.
ഐ പി സി 420 ,34 വകുപ്പുകളാണ് കമറുദ്ദീനു മേൽ ചുമത്തിയിട്ടുള്ളത്. കേരള നിക്ഷേപ സംരക്ഷണ നിയമത്തിലെ വകുപ്പുകളും ചുമത്തിയേക്കും എന്നാണ് സൂചന.
കേസിൽ ഫാഷൻ ഗോൾഡ് എംഡി ടി.കെ. പൂക്കോയത്തങ്ങളെയും കാസർകോട് എസ് പി ഓഫീസിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. ഇദ്ദേഹത്തെയും ശനിയാഴ്ച വൈകിട്ടു തന്നെ അറസ്റ്റു ചെയ്യും എന്ന് ഉദ്യോഗസ്ഥർ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
15 കോടിയുടെ തട്ടിപ്പ് നടന്നെന്നും ഇതിനുള്ള തെളിവ് കിട്ടിയെന്നും ശനിയാഴ്ച ഉച്ചയ്ക്ക് ക്രൈംബ്രാഞ്ച് എഎസ്പി പി വിവേക് മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ശനിയാഴ്ച രാവിലെ മുതലാണ് കാസർകോട് എസ് പി ഓഫീസിൽ വിളിച്ചു വരുത്തി കമറുദ്ദീനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്.
എന്നാൽ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ കമറുദ്ദീൻ ആരോപിച്ചു.
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീനെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസുകളുടെ എണ്ണം 115 ആണ്. വഞ്ചിക്കപ്പെട്ടവർ മഹാഭൂരിപക്ഷവും മുസ്ലീം ലീഗ് അണികളും അനുഭാവികളുമായിരുന്നു. ഏറെക്കുറേ ലീഗും കോൺഗ്രസ്സും കമറുദ്ദീനെ കൈവിട്ടിരുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ലീഗിനും യു ഡി എഫിനാകെയും എം എൽ എ യുടെ അറസ്റ്റ് ക്ഷീണമായേക്കും.

