ദുബൈ: ഐപിഎല്‍ ക്രിക്കറ്റിലെ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്ണിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് വീണ്ടും ഫൈനലില്‍. ബാറ്റിംഗിലും ബൗളിംഗിനും മുംബൈ താരങ്ങൾ ഒരു പോലെ തിളങ്ങിയപ്പോൾ ഡൽഹിയ്ക്ക് പിടിച്ചു നിൽക്കാനായില്ല. അഞ്ചാംകിരീടം ലക്ഷ്യമിടുന്ന മുബൈയുടെ ആറാം ഫൈനലാണിത്. സ്കോര്‍: മുംബൈ 5–-200, ഡല്‍ഹി 8–-143.
ബാറ്റില്‍ ഇഷാന്‍ കിഷനും (30 പന്തില്‍ 55) ഹാര്‍ദിക് പാണ്ഡ്യയും (14 പന്തില്‍ 37) സൂര്യകുമാര്‍ യാദവും (38 പന്തില്‍ 51 റണ്‍) തിളങ്ങിയപ്പോള്‍ പന്തുകൊണ്ട് ജസ്പ്രീത് ബുമ്രയും (നാല് ഓവറില്‍ 14 റണ്‍ നാല് വിക്കറ്റ്) ട്രെന്റ് ബോള്‍ട്ടും (രണ്ട് ഓവറില്‍ ഒമ്ബത് റണ്‍ രണ്ട് വിക്കറ്റ്) വിരുന്നൊരുക്കി.
ജയിക്കാന്‍ 201 റണ്‍ വേണ്ടിയിരുന്ന ഡല്‍ഹിക്ക് റണ്ണെടുക്കുംമുമ്ബെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. പ്രിഥ്വിഷായും ശിഖര്‍ ധവാനും അജിന്‍ക്യ രഹാനെയും റണ്ണെടുക്കാതെ മടങ്ങിയപ്പോള്‍ത്തന്നെ തോല്‍വി ഉറപ്പായി. 46 പന്തില്‍ 65 റണ്ണെടുത്ത മാര്‍കസ് സ്റ്റോയിനിസാണ് ഏക ആശ്വാസം. അക്സര്‍ പട്ടേല്‍ 42 റണ്‍ നേടി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും (12) ഋഷഭ് പന്തിനും (3) പിന്തുണ നല്‍കാനായില്ല.
ആറാം വിക്കറ്റില്‍ ഇഷാന്‍ കിഷനും ഹാര്‍ദിക് പാണ്ഡ്യയും 23 പന്തില്‍ 60 റണ്ണടിച്ചതാണ് മുംബൈയെ ഇരുനൂറില്‍ എത്തിച്ചത്. അവസാന മൂന്ന് ഓവറില്‍ 55 റണ്‍. ഇഷാന്റെ അര്‍ധസെഞ്ചുറിയില്‍ നാല് ഫോറും മൂന്ന് സിക്സറും. ഹാര്‍ദിക് പാണ്ഡ്യയുടെ 37ല്‍ അഞ്ച് സിക്സര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യപന്തില്‍ വിക്കറ്റിനുമുന്നില്‍ കുരുങ്ങി. ക്വിന്റണ്‍ ഡീ കോക്കിന് 40 റണ്ണുണ്ട്. ആര്‍ അശ്വിന്‍ മൂന്നു വിക്കറ്റെടുത്തു.