ന്യൂഡൽഹി: രാജ്യത്തെ വർദ്ധിച്ചു വരുന്ന വായു മലിനീകരണം നിയന്ത്രിക്കാനായി 15 സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ 2200 കോടി രൂപ അനുവദിച്ചു. ആദ്യ ഗഡുവായാണ് ഈ തുക അനുവദിച്ചതെന്ന് ധനകാര്യ മന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ധനകാര്യ മന്ത്രി ട്വീറ്റിൽ പറഞ്ഞു.
ന്യൂഡൽഹിയടക്കമുള്ള രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലെയും വായു മലിനീകരണത്തിന്റെ തോത് ഏറെ പരിതാപകരമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സംവാദ വേദിയിൽ ഡൊണാൾഡ് ട്രംപ് തന്നെ ഇന്ത്യയിലെ വായു മലിനീകരണത്തെ കുറിച്ച് പരാമർശം നടത്തിയിരുന്നു.

