തിരുവനന്തപുരം: കേരളത്തില്‍ സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. എക്സിക്യൂട്ടിവ് ഓര്‍ഡറിലൂടെ ഉടന്‍ തന്നെ തീരുമാനം നടപ്പാക്കും.
കേരളത്തിലെ കേസുകളിൽ നേരിട്ട് ഇടപെടാൻ സിബിഐക്ക് നല്കിയ പൊതു സമ്മതം പിന്‍വലിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. സിബിഐക്ക് വിലക്കേര്‍പ്പെടുത്താമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെയും ഹൈക്കോടതി നിര്‍ദേശമില്ലാതെയും കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരെയുടെ പരാതി പ്രകാരം വടക്കാഞ്ചേരി ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തുടങ്ങിയിരുന്നു.
ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്തുകയും ചെയ്തു. ഇതോടെയാണ് പൊതു സമ്മതം റദ്ദ് ചെയ്യാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ലൈഫ് മിഷനിലെ നിലവിലെ അന്വേഷണത്തെ ഇത് ബാധിക്കില്ല. ഭാവിയിൽ സിബിഐ അന്വേഷണം നടത്തുന്നത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമോ, ഹൈക്കോടതി നിര്‍ദേശ പ്രകാരമോ ആയിരിക്കും.

