കറാച്ചി: പാകിസ്ഥാനില്‍ 13 വയസ്സ് മാത്രമുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ 44കാരന് തട്ടിക്കൊണ്ടു പോയി മതം മാറ്റി വിവാഹം ചെയ്ത സംഭവത്തില്‍ ഇരയായ അര്‍സു രാജയെന്ന പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് സിന്ധ് ഹൈക്കോടതിയുടെ (എസ്എച്ച്സി) ഉത്തരവ്. കേസിന്റെ അടുത്ത വാദം വ്യാഴാഴ്ച നടക്കും. ഒക്ടോബര്‍ 13ന് കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും പിന്നീട് ഭര്‍ത്താവ് എന്ന് അവകാശപ്പെടുന്ന വ്യക്തി കുട്ടിയ്ക്ക് 18 വയസ്സുണ്ടെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇസ്ലാമിലേയ്ക്ക് മതം മാറ്റുകയായിരുന്നുവൈന്നുമാണ് പിതാവിന്റെ പരാതി.
ഫെബ്രുവരിയില്‍ പ്രായപൂര്‍ത്തിയായില്ലെങ്കിലും പെണ്‍കുട്ടി ഋതുമതിയായതിനാല്‍ വിവാഹം സാധുവാണെന്ന് സമാന സംഭവത്തില്‍ പാക് കോടതി ഉത്തരവിട്ടത് വിവാദമായിരുന്നു. 2014 ല്‍ പുറത്തിറങ്ങിയ സിന്ധ് പ്രവശ്യയിലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം 18 വയസാണ് ഇവിടെ വിവാഹ പ്രായമെന്ന് പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ അന്ന് കോടതിയില്‍ വാദിച്ചെങ്കിലും കോടതി ശരീഅത്ത് പ്രകാരം 14 വയസുള്ള പെണ്‍കുട്ടിയുടെ വിവാഹം സാധൂകരിച്ചത് പാക്കിസ്ഥാനിലെ മതന്യൂന പക്ഷങ്ങളെ ആശങ്കയിലാക്കിയിരുന്നു.
അതേസമയം, അര്‍സു രാജയുടെ സംഭവം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഒക്ടോബര്‍ 13ന് കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും പിന്നീട് ഭര്‍ത്താവ് എന്ന് അവകാശപ്പെടുന്ന വ്യക്തി കുട്ടിയ്ക്ക് 18 വയസ്സുണ്ടെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇസ്ലാമിലേയ്ക്ക് മതം മാറ്റുകയായിരുന്നുവെന്നുമാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട്. സംഭവത്തില്‍ കറാച്ചിയിലും ലാഹോറിലും വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെങ്കിലും കുട്ടി സ്വന്തം നിലയ്ക്ക് മതം മാറിയതാണെന്നാണ് പാക് കോടതിയുടെ നിലപാട്.
കോടതിയിലെ വിചാരണയ്ക്കിടെ അര്‍സു അമ്മയുടെ അടുത്തേയ്ക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ‘ഭര്‍ത്താവ്’ പിടിച്ചു നിര്‍ത്തുകയായിരുന്നുവെന്നാണ് യുകെ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. തങ്ങള്‍ ജോലിയ്ക്ക് പോയപ്പോള്‍ കറാച്ചിയിലെ റയില്‍വേ കോളനിയ്ക്ക് സമീപത്തെ വീട്ടില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് പിതാവ് രാജയുടെ ആരോപണം. സംഭവത്തില്‍ രണ്ട് ദിവസത്തിനു ശേഷം പോലീസ് മാതാപിതാക്കളെ സമീപിച്ചപ്പോള്‍ ഭര്‍ത്താവ് വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഉണ്ടാക്കിയിരുന്നുവെന്നാണ് സെന്റര്‍ ഫോര്‍ ലീഗല്‍ എയ്ഡ് അസിസ്റ്റന്‍സ് ആന്റ് സെറ്റില്‍മെന്റ് എന്ന ക്രിസ്ത്യന്‍ സംഘടന വ്യക്തമാക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും വിവാഹം ചെയ്തതെന്നും മിക്കപ്പോഴും ചെറിയ കുട്ടികളെ ഭീഷണിപ്പെടുത്തിയാണ് കോടതിയില്‍ മൊഴി കൊടുപ്പിക്കുന്നതെന്നും സംഘടന ആരോപിച്ചു. പാകിസ്ഥാനിലെ ഉയര്‍ന്ന കോടതികള്‍ പോലും ഇത്തരം കേസുകളില്‍ ഇരകള്‍ക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിഷയത്തില്‍ രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ ഇടപെടുന്നില്ലെന്നുമാണ് ക്രിസ്ത്യന്‍ സംഘടനകളുടെ ആരോപണം.

